ADVERTISEMENT

കമ്പനികൾ അവയുടെ ഓഹരികൾ തിരികെവാങ്ങുന്നത് എന്തിനാണെന്ന് വിശദമാക്കുന്നു...!

അൻപതിലധികം കമ്പനികൾ ചേർന്ന് 37,500 കോടിയോളം രൂപയുടെ ബൈ ബാക്ക്(ഓഹരി തിരികെ വാങ്ങൽ) ആണ് 2022ൽ നടത്തിയത്. കമ്പനികൾ അവയുടെ ഓഹരികൾ തിരികെവാങ്ങുന്നത് എന്തിനാണെന്നു വിശദമായി മനസ്സിലാക്കാം. 

എന്താണ് ബൈ ബാക്ക്?

നിലവിലെ ഓഹരി ഉടമകളിൽ നിന്നു കമ്പനി അതിന്റെ ഓഹരികൾ തിരികെ വാങ്ങുന്ന പ്രക്രിയയാണ് ബൈ ബാക്ക്. നിലവിലെ മാർക്കറ്റ് വിലയ്ക്കും മുകളിലുള്ള വില നിശ്ചയിച്ചാണ് ബൈ ബാക്ക് നടക്കുന്നത്. കമ്പനി അതിന്റെ  ‌കൂടുതൽ ഓഹരി കൈവശമാക്കുക വഴി തങ്ങളുടെ നിയന്ത്രണാവകാശം  ബലപ്പെടുത്തുകയാണെന്നും വിലയിരുത്താം. രണ്ടു തരത്തിലാണ് ബൈ ബാക്ക് നടക്കാറുള്ളത്. നിലവിലെ ഓഹരി ഉടമകളിൽ നിന്നു നിശ്ചിത സമയപരിധി വച്ച് ടെൻഡറുകൾ സ്വീകരിച്ചും ഓപ്പൺ മാർക്കറ്റിൽ നിന്നു നിശ്ചിത സമയപരിധിക്കുള്ളിൽ നേരിട്ടു വാങ്ങിയുമാണ് കമ്പനികൾ ഷെയറുകൾ തിരിച്ചെടുക്കുന്നത്. 

ബൈ ബാക്ക് നടത്താനുള്ള കാരണങ്ങൾ

ആവശ്യത്തിലധികം പണം കയ്യിലിരിക്കുകയും പ്രസ്തുത തുക ഉപയോഗിച്ച് ബിസിനസ് വിപുലീകരണം നടത്താനുള്ള സാധ്യത നിലവിൽ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ കമ്പനികൾ ബൈ ബാക്കിനെപ്പറ്റി ചിന്തിക്കും. പുതിയ പ്രോജക്ടുകൾക്കായി കാശിറക്കുന്നത് നിലവിലെ ചുറ്റുപാടുകളിൽ യുക്തിഭദ്രമല്ലെന്ന് തോന്നുന്ന പക്ഷം കരുതലായി സൂക്ഷിച്ച തുക ഓഹരികൾ തിരികെ വാങ്ങാൻ ഉപയോഗിക്കുന്നു. 

നിലവിൽ ഓഹരി ഉടമകളുടെ എണ്ണം ക്രമാതീതമായി ഉയർന്നു നിൽക്കുന്നെങ്കിൽ ഏകകണ്ഠമായി തീരുമാനമെടുക്കുന്നതിനും മറ്റും മാനേജ്മെന്റിന് ബുദ്ധിമുട്ടു നേരിട്ടേക്കാം. കൂടുതൽ ഓഹരി കൈവശം വയ്ക്കുക എന്നതിനർഥം കൂടുതൽ വോട്ടിങ് അവകാശം സ്വന്തമാക്കുക എന്നതു കൂടിയാണ്. ആ അർഥത്തിൽ ബൈ ബാക്കിലൂടെ പ്രമോട്ടർമാരും ബോർഡ് മെംബർമാരും മറ്റും കമ്പനിക്കുള്ളിൽ കൂടുതൽ ശക്തരാവുകയാണ്. 

ലിക്വിഡിറ്റി താരതമ്യേന കുറഞ്ഞ ഓഹരിയാണെങ്കിൽ പോലും നിലവിലെ ഓഹരി ഉടമകൾക്ക് ഓഹരിയിൽ നിന്നു പുറത്തുകടക്കാനുള്ള മാർഗം ബൈ ബാക്ക് വഴി തുറന്നുകിട്ടുന്നു. വിപണി പൊതുവേ മോശം അവസ്ഥയിലാണെങ്കിൽ പോലും ബൈ ബാക്ക് പ്രഖ്യാപിക്കപ്പെട്ട ഓഹരിയുടെ വില അമിതമായി താഴോട്ട് പതിക്കാറില്ല. 

ബൈ ബാക്കിന് ശേഷം സംഭവിക്കുന്നത് 

പൊതുജനം കൈവശം വച്ചിരിക്കുന്ന ഓഹരി കമ്പനി തന്നെ തിരിച്ചെടുക്കുമ്പോൾ സ്വാഭാവികമായും ഇപിഎസ് അഥവാ ഏണിങ് പെർ ഷെയർ വർധിക്കുന്നു. കമ്പനിയുടെ അറ്റാദായത്തെ പബ്ലിക് കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ഇപിഎസ് കണക്കാക്കുന്നത്. ഇപിഎസിന് പുറമേ റിട്ടേൺ ഓൺ ക്യാപ്പിറ്റൽ, റിട്ടേൺ ഓൺ നെറ്റ്‌വർക് മുതലായ സൂചകങ്ങളും വർധിക്കുന്നു. 

ഡിവിഡന്റിനുമുപരിയായി കമ്പനിയുടെ അധികം വരുന്ന കാഷ് റിസർവ് നിലവിലെ ഓഹരി ഉടമകൾക്ക് നേട്ടം വരുന്ന രീതിയിൽ കമ്പനികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു. നിയമപ്രശ്നങ്ങളോ മറ്റു തടസ്സങ്ങളോ ഇല്ലാതെ തന്നെ ക്യാപ്പിറ്റൽ റിഡക്ഷൻ അഥവാ മൂലധന ശോഷണം നടത്താൻ ബൈ ബാക്ക് കമ്പനികളെ സഹായിക്കുന്നു. വിപണിവിലയ്ക്കും മുകളിൽ ഓഹരികൾ തിരിച്ചു വാങ്ങുക വഴി കമ്പനിക്ക് സൽപേര് സമ്പാദിക്കാനും സാധിക്കും. -(ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com