ADVERTISEMENT

ലണ്ടൻ∙ ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം തൊഴിലാളികളുടെ 6% പേരെയാണ് ഒഴിവാക്കുന്നത്. ആഗോള ഐടി മേഖലയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന തീരുമാനം ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്കുള്ള സന്ദേശമായാണ് അറിയിച്ചത്. പിരിച്ചുവിടൽ അടക്കമുള്ള തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും  പിച്ചൈ അറിയിച്ചു. 

ബിസിനസിലെ എതിരാളികളായ മൈക്രോസോഫ്റ്റ് 10000 പേരെ പിരിച്ചു വിടുമെന്ന അറിയിപ്പു വന്ന് ഏതാനും ദിവസത്തിനു ശേഷമാണ് ഗൂഗിൾ നിലപാട് വ്യക്തമാക്കിയത്. ആമസോൺ (18,000), ഫെയ്സ്ബുക് മാതൃകമ്പനി മെറ്റ (11,000) എന്നിവയും നേരത്തെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. 

ഏതാനും വർഷമായി ധാരാളം പേരെ റിക്രൂട്ട് ചെയ്തിരുന്നെങ്കിലും പുതിയ സാമ്പത്തിക സാഹചര്യത്തിൽ കുറച്ചു പേരെ ഒഴിവാക്കിയേ കഴിയൂ എന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. റിക്രൂട്മെന്റ്, കോർപറേറ്റ് മാനേജ്മെന്റ്, എൻജിനീയറിങ്, പ്രോഡക്ട്സ് എന്നീ വിഭാഗങ്ങളിൽ നിന്നെല്ലാം പിരിച്ചുവിടൽ ഉണ്ടാകും. 

ആഗോള തലത്തിലാണ് നടപടി. യുഎസിൽ ഇത് എത്രയും പെട്ടെന്നു പ്രാബല്യത്തിലാകും. അവിടെ ജോലി നഷ്ടമാകാൻ പോകുന്ന ജീവനക്കാർക്ക് കമ്പനി ഇമെയിൽ അയച്ചിട്ടുണ്ട്. നോട്ടിസ് കാലത്ത്, കുറഞ്ഞത് 60 ദിവസത്തെ ശമ്പളം ഓരോരുത്തർക്കും നൽകും. 4 മാസത്തെ ശമ്പളം, പുറമേ ഗൂഗിളിൽ അധികമായി ജോലിചെയ്ത ഓരോ വർഷത്തിനും രണ്ടാഴ്ചത്തെ ശമ്പളം അധികം, 2022 ലെ ബോണസ്, ആറുമാസത്തേക്ക് ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ കണ്ടെത്തുന്നതിനും ഇമിഗ്രേഷനും സഹായം തുടങ്ങിയവയൊക്കെ പാക്കേജിൽ ഉൾപ്പെടുന്നു. ഇതര രാജ്യങ്ങളിൽ അവിടങ്ങളിലെ തൊഴിൽ നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാകും പിരിച്ചുവിടൽ നടപടി പ്രാബല്യത്തിലാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com