ഇന്ത‌്യൻ നിയമത്തിനു വഴങ്ങി ഗൂഗിൾ; ആൻഡ്രോയ്‌ഡിലും ഗൂഗിൾ പ്ലേയിലും മാറ്റം
Mail This Article
ന്യൂഡൽഹി ∙ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്ലേ സ്റ്റോറിലും ഗൂഗിൾ മാറ്റങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ ഗൂഗിൾ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ നിർബന്ധപൂർവം ഇൻസ്റ്റാൾ ചെയ്യുന്നത് ഇതോടെ അവസാനിക്കും. ഏതൊക്കെ ആപ്പുകൾ വേണമെന്ന് ഇനി ഫോൺ നിർമാതാക്കൾക്കു തീരുമാനിക്കാം. എല്ലാ ആപ്പുകളും ഗൂഗിൾ നിർബന്ധപൂർവം നൽകിയിരുന്നപ്പോൾ സൗജന്യമായിരുന്നെങ്കിൽ ഇനി കമ്പനികൾ ഓരോ ആപ്പിനും വില നൽകേണ്ടി വരും. ഫോണിൽ ഗൂഗിൾ അല്ലാതെ മറ്റൊരു സേർച് എൻജിൻ ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നതും ലളിതമാക്കി. പുതിയ ഫോൺ ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ മറ്റു സേർച് എൻജിനുകൾ കൂടി ഉപയോക്താവിനു തിരഞ്ഞെടുക്കാനായി അവതരിപ്പിക്കും.
ആൻഡ്രോയ്ഡ് ആപ്പുകളിൽ പണം ചെലവാക്കുമ്പോൾ ഗൂഗിൾ പ്ലേ ബില്ലിങ് സംവിധാനം നിർബന്ധമായി ഉപയോഗിക്കുന്ന രീതിയിലും മാറ്റം വന്നു. ഗൂഗിൾ പ്ലേയോടൊപ്പം മറ്റു ബില്ലിങ് സംവിധാനങ്ങളും ഉപയോക്താവിനു തിരഞ്ഞെടുക്കാം. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്വതന്ത്ര പതിപ്പുകൾ നിർമിക്കാൻ മറ്റു ഡവലപ്പർമാരെ അനുവദിക്കുന്ന തരത്തിൽ ആൻഡ്രോയ്ഡിന്റെ പിന്നണിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതോടെ, സിസിഐ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ നിയമനടപടിയിൽ നിന്ന് ഒഴിവായിരിക്കുകയാണ്.
ഓൺലൈൻ പരസ്യക്കുത്തക: ഗൂഗിളിനെതിരെ യുഎസ്
വാഷിങ്ടൻ ∙ ഓൺലൈൻ പരസ്യരംഗത്തെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നിയമനടപടിയുമായി യുഎസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റും 8 സംസ്ഥാനങ്ങളുമാണ് പരസ്യദാതാക്കൾക്കും ഉപയോക്താക്കൾക്കും സർക്കാരിനും വെല്ലുവിളിയുയർത്തുന്ന ഗൂഗിളിന്റെ ഓൺലൈൻ പരസ്യക്കുത്തക അവസാനിപ്പിക്കാൻ നടപടി തുടങ്ങിയത്. പരസ്യവിഭാഗത്തെ വിഭജിക്കാനും പരസ്യവിപണിയെ ആകെ സ്വാധീനിക്കാൻ ശേഷിയുള്ള കമ്പനികൾ വിറ്റഴിക്കാനും ഗൂഗിളിനോടു നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ചെറിയ കമ്പനികളെ ഏറ്റെടുത്തും ഗൂഗിളിന്റെ പരസ്യവിന്യാസ സേവനം തിരഞ്ഞെടുക്കാൻ പരസ്യദാതാക്കളുടെ മേൽ സമ്മർദം ചെലുത്തിയും കമ്പനി ഓൺലൈൻ പരസ്യരംഗത്ത് കുത്തക സ്ഥാപിച്ചു എന്നതാണ് പ്രധാന ആരോപണം. പരസ്യദാതാക്കൾ കൂടുതൽ പണം നൽകുകയും വെബ്സൈറ്റ് ഉടമകൾക്ക് കുറച്ചു വിഹിതം മാത്രം ലഭിക്കുകയും ചെയ്യുന്ന തരത്തിൽ ഗൂഗിൾ പരസ്യവിന്യാസത്തിന്റെ സാങ്കേതികവിദ്യയിൽ അന്യായമായി ഇടപെടൽ നടത്തുന്നതായും ഹർജിയിൽ ആരോപിക്കുന്നു.