തിരുവനന്തപുരം ∙ സിൽവർ ലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി തരണമെന്നും പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം സംസ്ഥാനങ്ങൾക്കു നൽകണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മന്ത്രി കെ.എൻ.ബാലഗോപാൽ. നാളത്തെ കേന്ദ്ര ബജറ്റിൽ പരിഗണിക്കുന്നതിനായുള്ള ആവശ്യങ്ങൾ നിരത്തി മന്ത്രി ബാലഗോപാൽ അയച്ച കത്തിലാണിത്.
ജനങ്ങളിൽ നിന്നു പിരിക്കുന്ന ജിഎസ്ടിയുടെ പകുതി വീതമാണ് ഇപ്പോൾ കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. സംസ്ഥാനങ്ങളുടെ വിഹിതം 60 ശതമാനമാക്കി ഉയർത്തണം. കാരണം, രാജ്യത്തെ വരുമാനത്തിന്റെ 62.7% ഇപ്പോൾ കേന്ദ്രം കൈപ്പറ്റുകയാണ്. എന്നാൽ, ചെലവിന്റെ കാര്യം വരുമ്പോൾ 62.4 ശതമാനവും സംസ്ഥാനങ്ങളാണു ചെലവിടുന്നത്. കൂടുതൽ വാങ്ങുന്നവർ കൂടുതൽ ചെലവിടണം. അതാണു വേണ്ടതെന്നും നിർമലയ്ക്കുള്ള കത്തിൽ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
മറ്റ് ആവശ്യങ്ങൾ:
∙ ജിഎസ്ടി നടപ്പാക്കിയപ്പോൾ ഇരുന്നൂറിലേറെ ചരക്കുകൾക്ക് 28 ശതമാനമായിരുന്നു നികുതി. എന്നാൽ, 2017 ഒക്ടോബറിൽ നല്ലൊരു പങ്ക് ഉൽപന്നങ്ങളുടെയും നികുതി കുറച്ചു. കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11 ശതമാനത്തിലേക്കു താഴ്ന്നു. ആഡംബര ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതിയും നിത്യോപയോഗ സാധനങ്ങൾക്ക് കുറഞ്ഞ നികുതിയും ചുമത്തി സംസ്ഥാനങ്ങളുടെ നികുതി വരുമാന വർധന ഉറപ്പാക്കണം. സംസ്ഥാനങ്ങൾക്കു നിൽകിവന്ന ജിഎസ്ടി നഷ്ടപരിഹാരം 5വർഷത്തേയ്ക്കു കൂടി നീട്ടണം.
∙ കാതലായ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന് 75 ശതമാനമാക്കി വർധിപ്പിക്കണം. സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കേന്ദ്രാവിഷ്കൃത പദ്ധതികൾ തയാറാക്കണം.
∙ സംസ്ഥാനങ്ങൾക്കു കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനത്തിൽ നിന്ന് 4 ശതമാനമാക്കി വർധിപ്പിക്കണം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 14,312 കോടി വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണം.
∙ സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട വികസന പദ്ധതികൾക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണം.
∙ നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ ഏക സംസ്ഥാനമാകാം കേരളം. അതിനാൽ കേരളത്തിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക.
∙ 3 ലക്ഷം പേരാണ് കേരളത്തിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90% പേരും സ്ത്രീകളാണ്. കശുവണ്ടി വ്യവസായം നഷ്ടത്തിലായതിനാൽ തൊഴിലാളികൾ പലരും കടക്കെണിയിലാണ്. ഇവരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
∙ സംസ്ഥാന സർക്കാർ 1600 രൂപ വീതം 64 ലക്ഷം പേർക്കു നൽകുന്ന ക്ഷേമ പെൻഷനിൽ കേന്ദ്രത്തിന്റെ വിഹിതം വളരെ കുറവാണ്. വെറും 6 ലക്ഷം പേർക്ക് 200രൂപ മുതൽ 500 രൂപ വരെയാണ് കേന്ദ്രം തരുന്നത്. കേന്ദ്ര വിഹിതം വർധിപ്പിക്കണം.
ആവശ്യപ്പെട്ട പദ്ധതികൾ
∙ കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ സ്ഥാപനം.
∙ എയിംസിനു സമാനമായി ആരോഗ്യ കേന്ദ്രം.
∙ മാലിന്യ സംസ്കരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, തെങ്ങിന്റെ പുനർനടീൽ, വനവൽക്കരണം തുടങ്ങിയവയ്ക്ക് പ്രത്യേക ഫണ്ട്.
∙ വന്ദേ ഭാരത് സ്കീമിൽപ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിൻ.
∙ കൊച്ചി മെട്രോ, നേമം കോച്ചിങ് ടെർമിനൽ, തലശ്ശേരി–മൈസൂര്‍ ബ്രോഡ്ഗേജ് റെയിൽ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക.
∙ കേരളത്തിലേയ്ക്ക് കൂടുതൽ വിമാന സർവീസ് എത്തിക്കുക.