മുംബൈ∙ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടും കേന്ദ്ര ബജറ്റും ഉയർത്തിയ അനിശ്ചിതത്വത്തിൽ വിപണിയിൽ കനത്ത ചാഞ്ചാട്ടം. എൻഎസ്ഇ നിഫ്റ്റി 0.25% നേട്ടത്തോടെ 17,648.95ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 0.29% ഉയർന്ന് 59,500.41ലും ക്ലോസ് ചെയ്തു. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഏൽപിച്ച ആഘാതം തുടരുകയാണ്.
ഗ്രൂപ്പിലെ മിക്കവാറും കമ്പനികളുടെ ഓഹരികൾ ഇന്നലെയും ഇടിവു രേഖപ്പെടുത്തിയെങ്കിലും ചിലത് നേട്ടമുണ്ടാക്കി. ടോട്ടൽ ഗ്യാസ് ഓഹരി വില 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഗ്രീൻ എനർജി 19.99%, അദാനി ട്രാൻസ്മിഷൻ 14.91, അദാനി പവർ 5%, അദാനി വിൽമർ 5%, എൻഡിടിവി 4.99%, അദാനി പോർട്സ് 0.29% എന്നിങ്ങനെയും ഇടിഞ്ഞു. അതേസമയം, അദാനി എന്റർപ്രൈസസിന്റെ ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 10 ശതമാനം വരെ ഉയർന്നു. ഒടുവിൽ 4.76% നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എസിസി, അംബുജ സിമന്റ് ഓഹരികളും ഒരു ശതമാനത്തിലേറെ കയറി.
കഴിഞ്ഞ ചൊവ്വ മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിലുണ്ടായ കുറവ് 5.56 ലക്ഷം കോടി രൂപയിലേറെയാണ്. വെള്ളിയാഴ്ച മാത്രം ഇടിഞ്ഞത് 20 ശതമാനത്തോളം.അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപനയ്ക്ക്(എഫ്പിഒ–ഫോളോ ഓൺ പബ്ലിക് ഓഫർ) ഇന്നലെ വരെ ലഭിച്ച അപേക്ഷ 3 % മാത്രമാണ്. അബുദാബി ആസ്ഥാനമായ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി 40 കോടി ഡോളറിന്റെ നിക്ഷേപം എഫ്പിഒ വഴി നടത്തി.അദാനി ഓഹരികളുടെ ഇടിവ് ബാങ്കിങ്, എൽഐസി ഓഹരി വിലകളിലും പ്രതിഫലിച്ചു. മൂന്നു ദിവസംകൊണ്ട് ബാങ്ക് ഓഫ് ബറോഡ 10.93%, എസ്ബിഐ 9.42%, എൽഐസി 6.52% എന്നിങ്ങനെ വിലയിൽ കുറവുണ്ടായി.