ന്യൂഡൽഹി∙ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് അദാനി എന്റർപ്രൈസസ് എഫ്പിഒയ്ക്കുള്ള നിക്ഷേപകരുടെ പ്രതികരണം നിർണായകമായിരുന്നു. അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റർപ്രൈസസ്. ആദ്യദിനം ഒരു ശതമാനവും രണ്ടാം ദിവസം 3% അപേക്ഷകളും മാത്രമാണ് ലഭിച്ചത്. എന്നാൽ അവസാന ദിവസം അപേക്ഷ കുതിച്ചു.
അതേസമയം, സാധാരണ (റീട്ടെയ്ൽ) നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്‍പിഒയിൽ പങ്കെടുത്തില്ല. റീട്ടെയ്ൽ ക്വോട്ടയിൽ 12% അപേക്ഷകൾ മാത്രം. ജീവനക്കാരുടെ ക്വോട്ടയിൽ 55 ശതമാനവും. വൻകിട സ്ഥാപനങ്ങൾ, അബുദാബി ഇന്റർനാഷനൽ ഹോൾഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകൾ തുടങ്ങിയവയാണ് അപേക്ഷകരിൽ ഏറെയും. 40 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അബുദാബി ഇന്റർനാഷനൽ ഹോൾഡിങ് പ്രഖ്യാപിച്ചിരുന്നു.
ഇത് എഫ്പിഒയുടെ 16 ശതമാനത്തോളം വരും. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ കൂടുതൽ പണം സമാഹരിക്കാനായി വീണ്ടും ഓഹരികൾ ഇഷ്യൂ ചെയ്യുന്ന പ്രക്രിയയാണ് ഫോളോ-ഓൺ പബ്ലിക് ഓഫർ അഥവാ എഫ്‍പിഒ. ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബർഗിന്റെ പട്ടികയിൽ 11–ാം സ്ഥാനത്താണ് അദാനിയിപ്പോൾ. 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി.
ഇസ്രയേലിൽ കൂടുതൽ നിക്ഷേപം: അദാനി
ഹൈഫ(ഇസ്രയേൽ)∙ അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായ ഹൈഫ ഏറ്റെടുത്ത ഇടപാട് സുപ്രധാന നാഴികക്കല്ലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തുറമുഖം ഏറ്റെടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതു ശക്തിപ്പെടും. ഒന്നാം ലോക യുദ്ധകാലത്ത് ഹൈഫ പട്ടണം വിമോചിപ്പിക്കാൻ സഹായിച്ചത് ഇന്ത്യൻ പട്ടാളമാണ്.
ഇന്ന് ഒരു ഇന്ത്യൻ നിക്ഷേപകൻ ഹൈഫ തുറമുഖത്തിന്റെ ഉയർച്ചയ്ക്കായി സഹായിക്കുന്നു’’– അദ്ദേഹം പറഞ്ഞു. ഇസ്രയേലിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ചടങ്ങിൽ പങ്കെടുത്ത അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. അദാനി പോർട്സ്, ഇസ്രയേലിന്റെ ഗഡോട് ഗ്രൂപ്പ് എന്നിവ ഉൾപ്പെട്ട കൺസോർഷ്യമാണ് 118 കോടി ഡോളറിന് തുറമുഖത്തിന്റെ ടെൻഡർ നേടിയത്.