കേരളത്തിന് 12% വളർച്ച: സാമ്പത്തിക അവലോകന റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ പ്രതിസന്ധികൾ തരണം ചെയ്ത് സാമ്പത്തിക വളർച്ചയിൽ കേരളം കഴിഞ്ഞ വർഷം (2021-22) ശക്തമായ തിരിച്ചുവരവ് നടത്തിയതായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. റിപ്പോർട്ട് നിയമസഭയിൽ വച്ചു. ആഭ്യന്തര ഉൽപാദനത്തിൽ മുൻവർഷത്തേക്കാൾ 12.01 ശതമാനമാണു വളർച്ച. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. കോവിഡിനു ശേഷം സംസ്ഥാനം കൈക്കൊണ്ട ഉത്തേജക പദ്ധതികളാണു സാമ്പത്തിക വളർച്ചയ്ക്കു സഹായകമായതെന്നു റിപ്പോർട്ട് വിലയിരുത്തി.
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളർച്ച രേഖപ്പെടുത്തി. വ്യവസായ വളർച്ച 17.3 ശതമാനമാണ്. മുൻ വർഷങ്ങളിൽ ഈ മേഖലകളിൽ വളർച്ച നെഗറ്റീവായിരുന്നു. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5,650 കോടിയുടെ പാക്കേജുമാണ് വളർച്ചയ്ക്കു സഹായിച്ചത്. പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിലും വർധനയുണ്ടായി. 2021–22ൽ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തിൽ ഒരാളുടെ ശരാശരി വരുമാനത്തെക്കാൾ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. റവന്യു കമ്മിയും മൊത്ത ആഭ്യന്തര ഉൽപന്നവും തമ്മിലുള്ള അനുപാതം മുൻവർഷത്തെ അപേക്ഷിച്ച് 2.29% കുറഞ്ഞു.
ധനക്കമ്മിയും മൊത്ത ആഭ്യന്തര ഉൽപന്നവും തമ്മിലുള്ള അന്തരം 4.11% കുറഞ്ഞു. റവന്യു വരുമാനം നേരിയ തോതിൽ വർധിച്ച് 12.86 ശതമാനമായി. തനതു നികുതി വരുമാനവും നികുതി ഇതര വരുമാനവും വർധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിൽ 19.94% വർധന പ്രതീക്ഷിക്കുന്നെന്നും അവലോകന റിപ്പോർട്ട് പ്രവചിച്ചു.
ആഭ്യന്തര കടം 10.67% വർധിച്ചു
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2021–22ൽ മുൻ വർഷത്തെ അപേക്ഷിച്ച് 10.67% വർധിച്ചെന്നു സാമ്പത്തിക അവലോകന റിപ്പോർട്ട്. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയിൽ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യു വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞു. 2021–22 അവസാനത്തിൽ സംസ്ഥാനത്തിനു കുടിശികയുള്ള പൊതുകടം 2,19,974,54 കോടി രൂപയായിരുന്നു. പൊതുകടത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 2020–21ലെ 14.34 ശതമാനത്തിൽനിന്ന് 2021–22ൽ 10.16 ശതമാനം ആയി കുറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനത്തിൽ നിന്ന് 4.2 ആയി താഴ്ന്നപ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ നിന്നു 10.1 ശതമാനമായി വർധിച്ചു. തൊഴിലില്ലായ്മ നിരക്ക് ഇവിടെ പുരുഷൻമാരിൽ 7.5 ശതമാനവും സ്ത്രീകൾക്കിടയിൽ 15.1 ശതമാനവുമാണ്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വ്യാപകമാകാൻ കാരണം നൂതന മേഖലകളിലെ തൊഴിൽ പരിചയക്കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
English Summary: financial review report