മുംബൈ∙ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് സമ്മർദം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികൾക്ക് ഇന്നലെ നേരിയ ആശ്വാസം. രാജ്യാന്തര ബാങ്കുകള്‍, ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽനിന്നുംമറ്റുമായി ഓഹരികൾക്കെതിരെ എടുത്തിട്ടുള്ള 8000 കോടിയുടെ വായ്പ നേരത്തേ തിരിച്ചടയ്ക്കുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം 6 അദാനി കമ്പനി ഓഹരികളിൽ പ്രതിഫലിച്ചു. അദാനി എന്റർപ്രൈസസിന്റെ വില 14.63% കുതിച്ചു. അദാനി പോർട്സ് 2.6%, അദാനി വിൽമർ 5% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. എസിസി, എൻഡിടിവി, അംബുജ സിമന്റ്സ് എന്നിവയുടെ വിലയും ഒരു ശതമാനത്തിലേറെ കയറി.
ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത അദാനിഗ്രൂപ്പിലെ 10 കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ 10 വ്യാപാരദിനങ്ങളിലായി ഉണ്ടായ നഷ്ടം 9.2 ലക്ഷം കോടി രൂപയാണ്; ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യത്തിന്റെ 48 ശതമാനം. അദാനി ഗ്രൂപ്പുമായുള്ള ബാങ്കുകളുടെ സാമ്പത്തിക ഇടപാട് ആശങ്കയുണ്ടാക്കുന്ന നിലയിലുള്ളതല്ലെന്ന് റേറ്റിങ് ഏജൻസികളായ ഫിച്ചിന്റെയും മൂഡീസിന്റെയും നിരീക്ഷണവും ഇന്നലെ പുറത്തുവന്നു. ഇന്ത്യൻ ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതായി ഒന്നുമില്ലെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. എന്നാൽ, രാജ്യാന്തര വിപണിയിൽനിന്ന് ഫണ്ട് കണ്ടെത്തുന്നതിൽ അദാനി ഗ്രൂപ്പിന് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് മൂഡീസ് പറയുന്നു. അതേസമയം, ഫോബ്സ് മാഗസിന്റെ ലോകത്തെ 20 ധനികരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇടംപിടിച്ചു. 17ാം സ്ഥാനത്താണ് അദ്ദേഹം.