ADVERTISEMENT

ചെറുധാന്യങ്ങളെ പോഷക സമ്പുഷ്ട ധാന്യങ്ങൾ (Nutri Millets) എന്ന് വിശേഷിപ്പിക്കുന്നു. മില്ലറ്റുകളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയ്ക്ക് വലിയ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടു തുടങ്ങാവുന്ന കൂടുതൽ സംരംഭങ്ങൾ ഇന്നു പരിചയപ്പെടാം.

1. ബേക്കറി  പലഹാരങ്ങൾ

സൂക്ഷ്മ പോഷകസമൃദ്ധവും ഫൈബർ കേന്ദ്രീകൃതവുമായതിനാൽ ചെറു ധാന്യങ്ങൾ ബേക്കറി ഉൽപന്നങ്ങളിൽ ചേർക്കുന്നത് അത്യാകർഷകമാണ്. മൈദ, ഗോതമ്പ് എന്നിവയാണു സാധാരണ ബേക്കറി ഉൽപന്നങ്ങളിൽ അധികമായും ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു നിശ്ചിത ശതമാനം ചെറുധാന്യപ്പൊടികൾ കൂടി ചേർത്ത് ചെയ്യാൻ ശ്രമിച്ചാൽ ആരോഗ്യഭക്ഷണ രംഗത്തു വലിയ നേട്ടമുണ്ടാക്കാം. ബിസ്കറ്റ്, ചോക്കലേറ്റ്, കേക്ക്, കുക്കീസ്, റസ്ക് എന്നിവയിൽ എല്ലാം 40% വരെ ചെറുധാന്യങ്ങൾ ചേർത്ത് ഉൽപന്നങ്ങൾ നിർമിക്കാനാകും. വ്യപകമായി വിൽക്കുന്ന മിക്സ്ചറുകളിൽ പോലും ചെറുധാന്യം 40% വരെ ഉൾപ്പെടുത്താനാകും. 

2. ദോശ, ഇഡ്ഡലി  മിക്സുകൾ 

പുളിപ്പിച്ച് ഉപയോഗിക്കുന്ന ഭക്ഷണസാമഗ്രികളിൽ ഏറെ പ്രധാനപ്പെട്ടതാണ് ദോശ, ഇഡ്ഡലി മിക്സുകൾ. ഇന്ത്യയിലെ പലഭാഗങ്ങളിലും ബ്രേക്ഫാസ്റ്റ് എന്ന നിലയിൽ പ്രസക്തമാണ് ഇവ. അരിയും ഉഴുന്നും മുഖ്യ അസംസ്കൃത വസ്തുവായി നിർമിക്കുന്ന ദോശ, ഇഡ്ഡലി മിക്സുകൾ മികച്ച അവസരങ്ങളാണ് ലഘുസംരംഭകർക്ക് നൽകുന്നത്. ഇതിന്റെ നല്ലൊരു ഭാഗം മറ്റു ചെറുധാന്യങ്ങളും ചേർക്കാം. വളരെ ലളിതമായി വീടുകളിൽത്തന്നെ നടത്താവുന്ന സംരംഭമാണ് ഇത്. 

3. കുട്ടികളുടെ ഭക്ഷണങ്ങൾ 

റാഗി കുറുക്കിയത്, കൂവ കുറുക്കിയത് എല്ലാം പാരമ്പര്യമായി കേരളത്തിൽ ഉപയോഗിച്ചു വരുന്ന ബേബി ഫുഡ് ഇനങ്ങളാണ്. മികച്ച ഒരു മുലകുടി ഭക്ഷണമാണ് ചെറുധാന്യങ്ങൾ നൽകുന്നത്. ചെറുധാന്യങ്ങൾ ഉപയോഗിച്ച് മികച്ചരീതിയിൽ കുട്ടികളുടെ ആരോഗ്യ ഭക്ഷണങ്ങൾ ഉണ്ടാക്കാം. പഴം, പച്ചക്കറികൾ എന്നിവയുമായി സംയോജിപ്പിച്ചും ഇത്തരം ഭക്ഷണങ്ങൾ തയാറാക്കി വിൽക്കാം. ധാന്യങ്ങൾ മുളപ്പിച്ചും ഗുണം കൂട്ടാം. ചെറിയ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയുന്ന മികച്ച ലാഭവിഹിതം ഉറപ്പാക്കുന്ന സംരംഭമാണ് കുട്ടികളുടെ ഭക്ഷണങ്ങളുടേത്. 

4. മുളപ്പിച്ച ധാന്യങ്ങൾ 

മുളപ്പിച്ച ചെറുധാന്യങ്ങൾ നേരിട്ടു വിൽപന നടത്തുന്നത് തീരെ റിസ്ക് കുറഞ്ഞ കുടുംബ സംരംഭമാണ്. 8 മണിക്കൂർ വെള്ളത്തിലിട്ടും ശേഷം 8 മണിക്കൂർ പുറത്തു വച്ചും കഴിയുമ്പോൾ അതിനു മുളപൊട്ടുന്നു. അതിനു ശേഷം അതേ പ്രകാരം പോളിത്തീൻ കവറിലാക്കി സൂപ്പർമാർക്കറ്റുകളിലും മറ്റു ഷോപ്പുകളിലും എത്തിച്ചു വിൽക്കുന്നു. 

5. മൃഗങ്ങൾക്ക്,   പക്ഷികൾക്ക്,  മീനുകൾക്ക് തീറ്റ

ചെറുധാന്യങ്ങൾ പൂർണമായോ ഒരു ഭാഗം മനുഷ്യ ഭക്ഷണത്തിനായി ഉപയോഗിച്ച ശേഷം ബാക്കി വരുന്നതോ ആയവ മൃഗങ്ങൾ, പക്ഷികൾ മീനുകൾ എന്നിവയുടെ തീറ്റനിർമാണത്തിനും ഉപയോഗിക്കാം. ഇത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണ് ഉള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com