നാണ്യപ്പെരുപ്പനിരക്ക് കുതിച്ചുയർന്നു; 6.52%: വിലക്കയറ്റ ഭീഷണി

HIGHLIGHTS
  • റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നത് തുടർന്നേക്കും
SHARE

ന്യൂഡൽഹി∙ രാജ്യത്ത് വിലക്കയറ്റ ഭീഷണി വീണ്ടും. ജനുവരിയിലെ നാണ്യപ്പെരുപ്പനിരക്ക് 6.52 ശതമാനമായി കുതിച്ചുയർന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിൽ കുറവുണ്ടായിരുന്നു. ഡിസംബറിൽ 5.72% ആയിരുന്നതാണ് 6.52% ആയി ഉയർന്നത്. 2 മാസത്തെ ഇടവേളയ്ക്കു ശേഷം നിരക്ക് വീണ്ടും റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിലായി.

വിലക്കയറ്റം നേരിടാൻ റിസർവ് ബാങ്ക് തുടർച്ചയായി നടത്തുന്ന പലിശ വർധന അവസാനിപ്പിക്കാറായിട്ടില്ല എന്ന സൂചനയാണ് കണക്ക് നൽകുന്നത്. ഏപ്രിലിൽ 3 മുതൽ 6 വരെ നടക്കുന്ന അടുത്ത പണനയ സമിതി യോഗത്തിലും പലിശ വർധന പ്രതീക്ഷിക്കാം. നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചക്കറിയുടെ വിലയിലുണ്ടായ വൻ ഇടിവാണ് വിലക്കയറ്റ തോതിൽ കുറവുണ്ടാക്കിയത്. എന്നാൽ വേനലിന്റെ വരവോടെ വില വീണ്ടും ഉയരാം. 

പച്ചക്കറി ഒഴികെ മിക്ക ഉൽപന്നങ്ങളുടെയും വിലക്കയറ്റതോത് പരിധി വിട്ട നിലയിലാണ്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ആഴ്ച ആർബിഐ വീണ്ടും പലിശനിരക്ക് ഉയർത്തിയത്. നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ധാന്യങ്ങൾ, മുട്ട, പഴവർഗങ്ങൾ അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തോത് വീണ്ടും ഉയർത്തിയത്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് ഡിസംബറിൽ 4.19% ആയിരുന്നത് 5.94% ആയി വർധിച്ചു.

വിലക്കയറ്റ നിയന്ത്രണം: പരാജയകാരണം പരസ്യമാക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി∙ വിലക്കയറ്റം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി റിസർവ് ബാങ്ക് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് പരസ്യമാക്കുന്നത് വിപണിയെ ബാധിക്കുമെന്ന് ആർബിഐ. റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ട് പരസ്യമാക്കില്ലെന്ന് കേന്ദ്രം ലോക്സഭയിൽ മുൻപ് വ്യക്തമാക്കിയിരുന്നു. 

2016ൽ ആർബിഐ നിയമത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ച് തുടർച്ചയായ 3 ത്രൈമാസങ്ങളിൽ നാണ്യപ്പെരുപ്പ നിരക്ക് 6 ശതമാനത്തിനു മുകളിൽ തുടർന്നാൽ നാണ്യപ്പെരുപ്പ നിയന്ത്രണ ലക്ഷ്യം കൈവരിക്കുന്നതിൽ സമിതി പരാജയപ്പെട്ടതായി കണക്കാക്കും. 2016ലാണ് എംപിസി എന്ന സംവിധാനം നിലവിൽ വന്നത്. അതിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്.

കേരളത്തിലും വില ഉയർന്നു; വിലക്കയറ്റത്തോത് 6.45%

കേരളത്തിലെ വിലക്കയറ്റ തോത് ഡിസംബറിൽ 5.92% ആയിരുന്നത് ജനുവരിയിൽ 6.45% ആയി. നഗരമേഖലകളിലെ വിലക്കയറ്റം 6.2%, ഗ്രാമങ്ങളിലേത് 6.54%. സെപ്റ്റംബറിലാണ് കേരളത്തിൽ ഇതേ തോതിൽ വിലക്കയറ്റമുണ്ടായിരുന്നത്.

വില കൂടിയതും കുറഞ്ഞതും (രാജ്യമാകെ)

കൂടിയത്

∙ ധാന്യങ്ങൾ ∙ മത്സ്യം, മാംസം∙ മുട്ട ∙ പാലും പാലുൽപ്പന്നങ്ങളും ∙ എണ്ണയും നെയ്യും ∙ പഴങ്ങൾ ∙ പയറുവർഗങ്ങൾ ∙ പഞ്ചസാര, മധുരപലഹാരങ്ങൾ ∙ സുഗന്ധവ്യഞ്ജനങ്ങൾ ∙ ലഹരിയില്ലാത്ത പാനീയങ്ങൾ ∙ പാർപ്പിടം ∙ പച്ചക്കറി

കുറഞ്ഞത്

∙ തുണിത്തരങ്ങൾ ∙ ചെരിപ്പ് ∙ ഇന്ധനം ∙ ഗതാഗതം ∙ വിദ്യാഭ്യാസം

ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പം 

2022 സെപ്റ്റംബർ –7.41%

2022 ഒക്ടോബർ –6.77%

2022 നവംബർ –5.88%

2022 ഡിസംബർ –5.72%

2023 ജനുവരി – 6.52%

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA