ADVERTISEMENT

പ്രവാസികൾ നാട്ടിലെ ബാങ്കുകളിൽ തുറന്നിട്ടുള്ള എൻആർഐ, എൻആർഒ അക്കൗണ്ടുകളിൽ വിദേശത്ത്നിന്നു കൊണ്ട് ഇടപാടുകൾ നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം.  നാട്ടിലുള്ള വ്യക്തിൾക്കും കച്ചവടക്കാർക്കും മാത്രമല്ല വിദേശത്തുള്ള കച്ചവടസ്ഥാപനങ്ങൾക്കു പോലും ഇതേ അക്കൗണ്ടുകളിൽ നിന്നും കൈ യിലിരിക്കുന്ന വിദേശ സിം കാർഡുള്ള മൊബൈൽ ഫോണിലൂടെ ഇടപാട് നടത്താൻ സാധ്യമാകുന്നരീതിയിൽ യുപിഐ പരിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  

യുപിഐ എന്നാൽ

യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യുപിഐ എന്നാൽ ബാങ്ക് അക്കൗണ്ടുകളിൽ മൊബൈൽഫോണുകൾ ഉപയോഗിച്ച് പണം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പണമിടപാട് പോർട്ടലാണ്.  റിസർവ് ബാങ്കും ഇന്ത്യൻ ബാങ്ക്സ്അസോസിയേഷനും പങ്കാളികളായ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐയുടെ ഉടമ. 

ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങി മൊബൈൽ പണമിടപാട് ആപ്പുകൾ ഉപയോഗിച്ച് കച്ചവടസ്ഥാപനങ്ങളുടെ ക്യൂആർ കോഡ് സ്കാൻ ചെയ്തോ, കൂട്ടുകാരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലേക്ക്  പണം നൽകുമ്പോഴും ഇടപാടുകൾ സാധ്യമാക്കുന്നത് അത്തരം ആപ്പുകളുടെപിന്നണിയിൽ പ്രവർത്തിക്കുന്ന അടിസ്ഥാന  സംവിധാനമായ യുപിഐ പോർട്ടലാണ്. ഇന്ത്യൻ മൊബൈൽഫോൺ നമ്പരുകൾ ഇടപാടുകാരന്റെ ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുമായി  ബന്ധപ്പെടുത്തി ആഭ്യന്തര പണമിടപാടുകൾ ഡിജിറ്റലായി നടത്തിക്കൊടുക്കുകയാണ് യുപിഐ.

രാജ്യാന്തര യുപിഐ 

ഇപ്പോഴിതാ പ്രവാസികൾക്ക് ഇന്ത്യയിലുള്ള പ്രവാസി അക്കൗണ്ടുകളിൽ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കൊണ്ട് മൊബൈൽ ആപ്പുകളിലൂടെ പണമിടപാടുകൾ പൂർത്തീകരിക്കാവുന്ന രീതിയിൽ യുപിഐ ഒരു രാജ്യാന്തര പണമിടപാട് പോർട്ടലായി മാറ്റിയിരിക്കുന്നു.  ഇന്ത്യൻ പ്രവാസികൾ കൂടുതലായിതാമസിക്കുന്ന കാനഡ, ഓസ്ട്രേലിയ, അമേരിക്ക, സൗദി  അറേബ്യ, ഇംഗ്ലണ്ട്, യുഎഇ തുടങ്ങി പത്തോളം രാജ്യങ്ങളിലെ മൊബൈൽ നമ്പരുകൾ ഇന്ത്യയിലുള്ള പ്രവാസി അക്കൗണ്ടുകളുമായി  ബന്ധപ്പെടുത്താം. 

വിദേശത്തുള്ളപ്പോൾ പ്രവാസികൾക്ക് ഡിജിറ്റൽ പണമിടപാട് ആപ്പുകളിലൂടെ വ്യക്തികൾ തമ്മിലോ വ്യക്തികളും കച്ചവടസ്ഥാപനങ്ങളും തമ്മിലോ പൂർത്തീകരിക്കാൻ യുപിഐ സഹായിക്കും. പൂർണമായും എൻക്രിപ്റ്റേഷൻസാങ്കേതികവിദ്യയും ടു ഫാക്ടർ അനുമതി സംവിധാനവും ഉള്ള യുപിഐ, ഇടപാടുകളുടെ ലോകോത്തര സുരക്ഷ ഉറപ്പാക്കും.

പ്രവാസികൾക്ക് പ്രയോജനം

വിദേശ രാജ്യങ്ങളിലെ കച്ചവടസ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യൂആർ കോഡ് വിദേശ സിം ഉള്ള മൊബൈൽഫോണിൽ സ്കാൻ ചെയ്ത് നാട്ടിലുള്ള പ്രവാസി അക്കൗണ്ടിൽ  നിന്ന് പണം നൽകാൻ സാധിക്കുന്നത്ര ലളിതമാകും പ്രവാസികളുടെ ഇടപാടുകൾ. നാട്ടിലുള്ള പ്രവാസി അക്കൗണ്ടിലേക്ക്  പണം അയയ്ക്കാൻ, ശമ്പളദിനത്തിൽ വിദേശ എടിഎമ്മുകളിൽ ക്യൂനിന്ന് പണം പിൻവലിച്ച് എക്സ്ചേഞ്ച് കമ്പനികളെ ആശ്രയിച്ച് കഷ്ടപ്പെടേണ്ട.  വിദേശത്തുള്ള അക്കൗണ്ടിൽ  നിന്ന് വെസ്റ്റേൺ യൂണിയൻ തുടങ്ങി എക്സ്ചേഞ്ച് കമ്പനികളുടേതുൾപ്പെടെയുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യയിലെ പ്രവാസി അക്കൗണ്ടിലേക്ക്  ഉടൻ പണം കൈമാറ്റം യാഥാർഥ്യമാക്കിയിരിക്കുന്നു രാജ്യാന്തര  യുപിഐ. 

യുപിഐ ഉപയോഗിച്ച് ഇന്ത്യയ്ക്കകത്തും വിദേശത്തും ഇടപാടുകൾ നടത്തുന്നത് ഇപ്പോൾ പൂർണമായും സൗജന്യമാണ്.  തങ്ങളുടെ പ്രവാസി അക്കൗണ്ടുകളിൽ നാട്ടിലെ ഇടപാടുകൾ നടത്താൻ പവർ ഓഫ് അറ്റോർണി നൽകി  മറ്റുള്ളവരെ ചുമതലപ്പെടുത്തുമ്പോഴുണ്ടാകുന്ന അസൗകര്യവും ഇല്ല.  നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലേക്കോ, കച്ചവടക്കാർക്കോ വിദേശത്തുള്ളപ്പോൾ തന്നെ പ്രവാസിക്ക് നേരിട്ട് പ്രവാസി അക്കൗണ്ടിൽ  യുപിഐ ഇടപാടുകൾ നടത്താം.  വിദേശനാണ്യ വിനിമയ ചട്ടങ്ങൾക്ക് വിധേയമായി അധികൃത ഇടപാടുകൾ മാത്രമേ സാധ്യമാകൂ.  

വരും ദിനങ്ങൾ

മാസ്റ്റർ കാർഡ്, വിസ, അമെക്സ് തുടങ്ങിയ രാജ്യാന്തര പണമിടപാട് ശൃംഖലകൾ വിദേശ രാജ്യങ്ങളുടെ കുത്തകയാണ്.  തദ്ദേശീയമായി നമ്മൾ വികസിപ്പിച്ചെടുത്ത് പ്രവർത്തനക്ഷമമാക്കിയ യുപിഐ രാജ്യാന്തര ഡിജിറ്റൽ പണമിടപാട്  രംഗത്ത്  നയതന്ത്ര വിജയമായി കണക്കാക്കാം.  2023 ഏപ്രിൽ അവസാനത്തോടെ പ്രാവർത്തികമാകുന്ന രാജ്യാന്തര  യുപിഐ സംവിധാനത്തോടൊപ്പം ഇന്ത്യയുടെ സ്വന്തം കാർഡ് പേമെന്റ് സംവിധാനമായ ‘റൂപേ’കാർഡുകളും വരും ദിനങ്ങളിൽ ലോക രാജ്യങ്ങളിലെല്ലാം എത്തിപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com