മുംബൈ∙ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസുമായി കൂടിക്കാഴ്ച നടത്തി. പേയ്മെന്റ് സിസ്റ്റം, മൈക്രോഫിനാൻസ്, ഡിജിറ്റൽ വായ്പ എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളിൽ ബിൽഗേറ്റ്സുമായി ചർച്ച നടത്തിയെന്ന് ആർബിഐ ട്വീറ്റ് ചെയ്തു. ആർബിഐയുടെ മുംബൈ റീജനൽ ഓഫിസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ ബിൽഗേറ്റ്സ് ഇന്ത്യയെ പ്രകീർത്തിച്ചിരുന്നു. പോളിയോ നിർമാർജനം, എച്ച്ഐവി പ്രതിരോധം, പട്ടിണിക്കെതിരായ യുദ്ധം, ശിശുമരണനിരക്ക് കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യം മികച്ച നേട്ടം കൈവരിച്ചുവെന്നാണ് അദ്ദേഹം കുറിച്ചത്. കൂടാതെ, ആവശ്യക്കാരിലേക്ക് ഓരോന്നും കൃത്യമായി എത്തിക്കുന്ന ഇന്ത്യയുടെ രീതി രാജ്യാന്തര നിലവാരമുള്ളതാണെന്നും അദ്ദേഹം എഴുതി.