ADVERTISEMENT

ന്യൂഡൽഹി ∙ ഇടുങ്ങിയ കമ്പിക്കൂടുകൾ അടുക്കിവച്ചുള്ള മുട്ടക്കോഴി വളർത്തലിനു പൂർണ വിരാമമാകുന്നു. ഏതു തരം കൂടായാലും ഓരോ കോഴിക്കും കുറഞ്ഞത് 550 ചതുരശ്ര സെന്റിമീറ്റർ സ്ഥലം ഉറപ്പാക്കണമെന്ന നിർദേശം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വിജ്ഞാപനം ചെയ്തു. നേരത്തെ, പരീക്ഷാ കടലാസിന്റെ വലുപ്പമുള്ള സ്ഥലമേ ഫാമുകളിൽ കോഴികൾക്കു ലഭിക്കുന്നുള്ളുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയാണ് മാറ്റം നിർദേശിച്ചത്.

എന്നാൽ, 450 ച.സെ.മീ. ആയിരുന്നത് 550 ച.സെ.മീറ്റ‍ർ ആക്കിയതു കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ഇത് അപര്യാപ്തമാണെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു. കരടുവിജ്ഞാപന ഘട്ടത്തിൽ വിമർശനമുണ്ടായെങ്കിലും മാറ്റത്തിനു മന്ത്രാലയം തയാറായില്ല. കൂടൊന്നിൽ പരമാവധി 8 കോഴികളെ മാത്രമേ ഇടാനാകുവെന്നും പുതിയ വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന നിയമങ്ങളിൽ ഉചിതമായ മാറ്റത്തോടെ പുതിയ നിബന്ധനകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

മുട്ടക്കോഴികൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ മറ്റു വ്യവസ്ഥകൾ ഇങ്ങനെ

∙ചത്ത കോഴിക്കുഞ്ഞുങ്ങളുടെ അവശിഷ്ടം ഫാമിൽ തീറ്റയായി നൽകരുത്. വളർച്ച ത്വരിതപ്പെടുത്തുന്ന ഗ്രോത്ത് പ്രമോട്ടർ ആന്റിബയോട്ടിക്കുകൾ കലർന്ന കോഴിത്തീറ്റയും പാടില്ല. ചികിത്സാ ആവശ്യത്തിനാണെങ്കിൽ ഇതനുവദിക്കും. മുട്ടയിടാത്ത സമയത്തു തീറ്റ നൽകാതിരിക്കുന്നതും പാടില്ല.

∙ മുട്ടക്കോഴി ഫാമുകൾക്കു റജിസ്ട്രേഷനുണ്ട്. ഇതിനായി സർട്ടിഫിക്കറ്റ് നൽകും. കാലാവധി 5 വർഷം. ശേഷം പുതുക്കണം.

∙ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തുന്നയാൾക്ക് എപ്പോൾ വേണമെങ്കിലും പരിശോധന നടത്താം. ഫാമിൽ 72 മണിക്കൂറിനിടെ വീണ്ടും പരിശോധന സാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com