ADVERTISEMENT

ജപ്പാനിൽ പണ്ട് ചില മലയാളികൾ ബിസിനസ് ചർച്ചയ്ക്കു പോയി. തലേന്ന് ടോക്കിയോവിലെത്തി ഹോട്ടലിൽ മുറിയെടുത്ത് രാത്രി ആഘോഷിച്ചു. പൂസായി ഉറങ്ങാൻ കിടന്നപ്പോഴേയ്ക്ക് നേരം വെളുക്കാറായി. പിറ്റേന്ന് തല പൊക്കിയപ്പോൾ ഉച്ചയായി. രാവിലെയാണ് ജപ്പാൻകാരുമായി മീറ്റിങ് വച്ചിരുന്നത്. ഉറക്കമെഴുന്നേറ്റ് കോട്ടുവായിട്ട്, സംഭവിച്ചു പോയി, ഇനിയെപ്പോ കാണാമെന്നു തിരക്കിയപ്പോൾ കണ്ടതൊക്കെ മതി, വിട്ടോളാൻ പറഞ്ഞത്രെ. മലയാളികളുടെ കച്ചവടവും അധികം താമസിയാതെ പൂട്ടി എന്നു പ്രത്യേകം പറയേണ്ടല്ലോ. ജപ്പാൻകാർക്ക് അച്ചടക്കം പ്രധാനമാണ്. കോവിഡിനെക്കുറിച്ചു കേട്ടിട്ടു പോലുമില്ലാത്ത കാലത്തും മിക്ക ജപ്പാൻകാരും മാസ്ക് വച്ചാണ് പുറത്തിറങ്ങി നടന്നിരുന്നത്.

ജപ്പാനിൽ മലയാളി സാന്നിധ്യം കുറവാണ്. കുടിയേറ്റക്കാരെ അത്ര വേഗം പ്രോൽസാഹിപ്പിക്കുന്ന നാടുമല്ല. അവിടെ ചെന്നു പറ്റിയാലും ബിസിനസ് ഇടപാടുകൾ പച്ചപിടിച്ചു വരാൻ താമസമുണ്ട്. അമേരിക്കയിലെ പോലെ അങ്ങോട്ട് ചെന്ന്പറ്റി അധികം താമസിയാതെ ഗ്രീൻകാർഡായി, പൗരത്വമായി, സംസാരത്തിൽ അമേരിക്കൻ ചുവയായി, തീറ്റ ബർഗറും പീത്‌സയുമായി അങ്ങനെയങ്ങ് പുരോഗമിക്കാനൊക്കില്ല. ആയിരം കൊല്ലമായി ചെങ്കിസ്ഖാനും ചൈനക്കാരുമൊക്കെ അധിനിവേശം നടത്താൻ നോക്കി തോറ്റോടിയ രാജ്യമാണ്. 

പക്ഷേ ഇപ്പോൾ മാറ്റങ്ങൾ വേഗമാണത്രെ. ഇന്ത്യയിൽ നിന്നുള്ള 20 സ്റ്റാർട്ടപ്പ് കമ്പനികൾ അടുത്തിടെ ടോക്കിയോവിലെത്തിയിരുന്നു. അവർക്ക് യോഗ്യതയുള്ള ചെറുപ്പക്കാരെ വേണം. വയസ്സൻമാരുടെ നാടായിപ്പോയില്ലേ. നമുക്കാണെങ്കിൽ അതിനു യാതൊരു പഞ്ഞവുമില്ല. അതിനാൽ ജപ്പാൻ വീസ നിയമം മാറ്റി അന്യനാടുകളിൽ നിന്നുള്ള യുവരക്തങ്ങൾക്ക് വേഗം സ്ഥിരതാമസ വീസ കൊടുക്കുകയാണ്. ഇന്ത്യക്കാർ ആഗോളതലത്തിൽ തന്നെ ഭയങ്കര ‘ടാലന്റ് പൂൾ’ ആണെന്നും മറ്റും ജപ്പാൻകാർ കേട്ടിട്ടുണ്ട്. ആ ധാരണയ്ക്ക് കോട്ടം തട്ടിച്ച് അലമ്പാക്കല്ലേ. 

ജപ്പാനിൽ ബിസിനസിനോ ജോലിക്കോ പോകണോ? അവരുടെ ഭാഷയും സംസ്കാരവും മനസ്സിലാക്കണം. ബിസിനസിന് അവിടെ ഒരു പാർട്ണറെ എടുക്കുകയോ ജപ്പാൻ സ്റ്റാഫുള്ള ഓഫിസ് തുറക്കുകയോ വേണം. ഇനി ഐടിയും എഐയും ചേർന്നുള്ള സംയുക്ത കളിയാണു നടക്കാൻ പോകുന്നതെന്ന് ഇന്തോ ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (ഇൻജാക്ക്) സംഘടിപ്പിച്ച ബി2ബി മേളയിൽ പങ്കെടുത്ത കുനി കവാഷിമ പറഞ്ഞു. ഡേറ്റയാകുന്നു താരം. പക്ഷേ സ്വകാര്യത ചോരാതെ, ഐടി നിയമങ്ങൾ തെറ്റിക്കാതെ ഇതു ചെയ്യാൻ മ്മിണി സാമർഥ്യം പോരാ. 

മലവെള്ളം പോലെ ചാറ്റ്ജിപിടി വന്നങ്ങു കേറി ഗൂഗിൾ പോലും മുങ്ങിപ്പോകുന്ന സ്ഥിതിയാണേ, സൂക്ഷിക്കണം!

ഒടുവിലാൻ∙ ഇൻജാക്ക് മേളയിൽ പങ്കെടുത്ത ജപ്പാൻ കോൺസൽ ജനറൽ പൊരിച്ച വലിയൊരു കരിമീനിനെ കൈ തൊടാതെ കത്തിയും മുള്ളും ഉപയോഗിച്ച് വെടിപ്പായി തിന്നു തീർത്തു. കണ്ടു നിന്ന് അന്തിച്ചുപോയവരോടു മഞ്ഞ സായിപ്പ് പറഞ്ഞു– വീ ആർ ജാപ്പനീസ്!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com