ADVERTISEMENT

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നു. 2013ലെ കേന്ദ്രസർക്കാരിന്റെ പഠനപ്രകാരം ഇന്ത്യയിലെ എംഎസ്എംഇകളിൽ 13.76% മാത്രമാണ് വനിതാ പ്രാതിനിധ്യം. ഇത് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും നടപ്പാക്കിവരുന്ന പ്രധാന കേന്ദ്ര- സംസ്ഥാന പദ്ധതികൾ ഇവയാണ്.

1. സ്റ്റാൻഡ് അപ് ഇന്ത്യ സ്കീം

2016– 17 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വരുന്നു. 10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും ഉള്ള വായ്പകളാണ് സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടികജാതി പട്ടിക വർഗ സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നിർബന്ധമായും നൽകിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്സിഡികൾക്ക് അർഹത ഉണ്ടായിരിക്കും. പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെ തന്നെ വായ്പ അനുവദിക്കും. ഇതിനായി ബന്ധപ്പെടേണ്ടത് സമീപത്തുള്ള അക്കൗണ്ട് ഹോൾഡ് ചെയ്യുന്ന ബാങ്കിനെയാണ്.

2. പിഎംഇജിപി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം )

2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന ഒരു ബൃഹത്തായ പദ്ധതി. സേവന സംരംഭങ്ങൾക്കും നിർമാണ സംരംഭങ്ങൾക്കും ആണ് പ്രധാനമായും വായ്പ അനുവദിക്കുന്നത്. പദ്ധതി പ്രകാരം ഇപ്പോൾ പരിധിയില്ലാതെ വായ്പ അനുവദിച്ചു വരുന്നു. എന്നാൽ സേവന സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെയും നിർമാണ സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെയും ഉള്ള പ്രോജക്ടുകൾക്ക് മാത്രമേ സബ്സിഡി ലഭിക്കൂ. വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമ പ്രദേശത്ത് 35 ശതമാനവും മുനിസിപ്പാലിറ്റി / കോർപറേഷൻ പരിധിയിൽ 25 ശതമാനവും സബ്സിഡി നൽകുന്നു.

വനിതകൾ എടുക്കേണ്ട പദ്ധതിവിഹിതം 5% ആണ്. വനിതകൾക്ക് 30% സംവരണം ഈ പദ്ധതിയിൽ ഏർപ്പെടുത്തിയിരിക്കുന്നു. ഇതിനായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

3. ജാമ്യം ഇല്ലാതെ 25 ലക്ഷം രൂപ വരെ 

പദ്ധതി നടപ്പിലാക്കുന്നത് കെഎസ്ഐഡിസി. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. 80 ശതമാനമോ 25 ലക്ഷം രൂപയോ ആയിരിക്കും പരമാവധി അനുവദിക്കുക. എന്നാൽ പ്രവർത്തന മൂലധന ആവശ്യത്തിന് 10 ലക്ഷം രൂപ വരെ മാത്രമേ വായ്പയായി നൽകുകയുള്ളൂ. വനിത സംരംഭകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പ്രോ പ്രൈറ്ററി, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് അർഹതയുണ്ട്. 7% ആണ് വാർഷിക പലിശ. ഇതിനായി സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി ) ഓഫിസുകളുമായി ബന്ധപ്പെടണം.

4. എന്റെ ഗ്രാമം

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് എന്റെ ഗ്രാമം . 5 ലക്ഷം രൂപ വരെയാണ് പദ്ധതി പ്രകാരം വായ്പയായി അനുവദിക്കുന്നത്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവർക്ക് 30% വരെ ഗ്രാൻഡ് അനുവദിച്ചു വരുന്നു. നിർമാണ / സേവന സ്ഥാപനങ്ങൾ ഈ പദ്ധതി പ്രകാരം വനിതകൾക്ക് ആരംഭിക്കാവുന്നതാണ്. ഇതിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഖാദി ബോർഡിന്റെ ജില്ലാ ഓഫിസുകളും ആയി ബന്ധപ്പെടുക. 

(സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com