മുംബൈ ∙ രാജ്ഭവനു സമീപം വാൽക്കേശ്വറിൽ 252 കോടി രൂപയ്ക്ക് ബജാജ് ഓട്ടോ ചെയർമാൻ നീരജ് ബജാജ് ട്രിപ്ലെ ഫ്ലാറ്റ് വാങ്ങി. ഒരു സമുച്ചയത്തിൽ മൂന്നു നിലകളിലായുള്ള ഒറ്റ ഫ്ലാറ്റ് ആണു ട്രിപ്ലെ വിഭാഗത്തിൽ വരുന്നത്. രാജ്യത്ത് ഇൗ വർഷം ഒരു വ്യക്തി വീടിനായി ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിത്.
കെട്ടിട നിർമാതാക്കളായ ലോധ ഗ്രൂപ്പ് ഈയിടെ നിർമാണം ആരംഭിച്ച ലോധ മലബാർ ടവർ എന്ന ആഡംബര സമുച്ചയത്തിലാണ് 8 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമടക്കം വീട് ബുക്ക് ചെയ്തിരിക്കുന്നത്. 31 നിലയുള്ള കെട്ടിടമാണ്. ഏറ്റവും മുകളിലെ 3 നിലകളിലായി ആകെ 18,000 ചതുരശ്ര അടിയാണ് ഫ്ലാറ്റിന്റെ വലുപ്പം. 15 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചത്. കഴിഞ്ഞ മാസം വെൽസ്പൺ ഗ്രൂപ്പ് ചെയർമാൻ ബി.കെ. ഗോയങ്ക മുംബൈ വർളിയിലെ കെട്ടിട സമുച്ചയത്തിൽ 30,000 ചതുരശ്ര അടിയുളള ട്രിപ്ലെ ഫ്ലാറ്റ് 240 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.