ആഭരണത്തിൽ എച്ച്‍‌യുഐഡി പതിപ്പിക്കൽ ഇഴയുന്നു

HIGHLIGHTS
  • 14 ദിവസം കൂടി; നാലു ദിവസങ്ങളായി ബിഐഎസിൻറെ സെർവറും തകരാറിൽ
gold
SHARE

കണ്ണൂർ∙ 6 മുദ്രകളുള്ള ‌എച്ച്‍‌യുഐഡിയിലേക്ക് (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) പൂർണമായി മാറാൻ കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിക്കാൻ 14 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും രാജ്യത്ത് സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി പതിപ്പിക്കൽ മന്ദഗതിയിൽ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) കണക്കുപ്രകാരം രാജ്യത്ത് പ്രതിദിനം എച്ച്‌യുഐഡി പതിപ്പിക്കുന്നത് ഏതാണ്ട് 3 ലക്ഷം ആഭരണങ്ങൾക്കു മാത്രം.

കേരളത്തിൽ പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും.  കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെർവറിലെ പ്രശ്നം മൂലം എച്ച്‌യുഐഡി പതിപ്പിക്കുന്നതിൽ വലിയ തോതിലുള്ള സാങ്കേതിക പ്രശ്നങ്ങളും നേരിടുന്നു. കേരളത്തിൽ ബിഐഎസ് ലൈസൻസുള്ള 6100 വ്യാപാരശാലകളിലായി ഇനിയും കോടിക്കണക്കിന് ആഭരണങ്ങൾ പുതിയ എച്ച്‌യുഐഡി ഹാൾമാർക്കിലേക്കു മാറാനുണ്ട്. കേരളത്തിൽ നിലവിലുള്ളതിന്റെ ഏതാണ്ട് പകുതിയോളം ആഭരണങ്ങളും പഴയ ഹാൾമാർക്ക് മുദ്രയുള്ളവയാണ്.

ബിഐഎസിന്റെ കണക്കുകൾ പ്രകാരം ഒരു ദിവസം ഒരു ഹാൾമാ‍ർക്കിങ് സെന്ററിൽ എച്ച്‌യുഐഡി മുദ്ര പതിപ്പിക്കാനാവുന്ന ആഭരണങ്ങളുടെ എണ്ണം 221 ആണ്. രാജ്യത്താകെ നിലവിൽ 1358 ഹാൾമാർക്കിങ് സെന്ററുകളാണുള്ളത്. ഇത്തരത്തിൽ 3,00,118 ആഭരണങ്ങളാണു പ്രതിദിനം മാറ്റാനാകുക. കേരളത്തിൽ 105 ഹാൾമാർക്കിങ് സെന്ററുകളുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ ഇതുവരെ എച്ച്‌യുഐഡി പതിപ്പിക്കാനായത് ഏതാണ്ട് 3.5 ലക്ഷം ആഭരണങ്ങൾക്കു മാത്രം. രാജ്യത്താകെ ഏതാണ്ട് 45 ലക്ഷം ആഭരണങ്ങളിലും പുതിയ മുദ്ര പതിപ്പിച്ചു. നാലു മുദ്രകളുള്ള ഹാൾമാർക്ക്ഡ് ആഭരണങ്ങൾ ഏപ്രിൽ 1 മുതൽ വിൽക്കാനാവില്ല. 

ഇ–മെയിൽ അയച്ച് വ്യാപാരികൾ

നാലു മുദ്രകളുള്ള സ്വർണാഭരണങ്ങൾ വിൽക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും എച്ച്‌യുഐഡിയിലേക്കു മാറാൻ നിലവിലുള്ള സെർവർ സാങ്കേതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 4 മുദ്ര പതിച്ച സ്വർണാഭരണങ്ങളുടെയും 6 മുദ്ര പതിച്ച ആഭരണങ്ങളുടെയും പരിശുദ്ധി ഒന്നുതന്നെയായതിനാലും ഇവ കണക്കിൽ ഉൾപ്പെട്ടവയായതിനാലും തുടർന്നും വിൽപന അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് സംസ്ഥാനത്തെ വ്യാപാരികൾ 15000 ഇ–മെയിലുകൾ അയച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS