ന്യൂഡൽഹി∙ രാജ്യത്തെ കയറ്റുമതി ഫെബ്രുവരിയിൽ 8.8 ശതമാനം ഇടിഞ്ഞ് 3388 കോടി ഡോളറായി. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവു രേഖപ്പെടുത്തുന്നത്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 5131 കോടി ഡോളറുമായി. മുൻവർഷം ഇതേകാലയളവിൽ 5590 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്.
ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1743 കോടിയിലേക്കു ചുരുങ്ങി. ഈ സാമ്പത്തിക വർഷം ഏപ്രിൽ–ഫെബ്രുവരി കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 7.5 ശതമാനം വർധിച്ച് 40594 കോടി ഡോളറിലെത്തി. ഇറക്കുമതി 18.82 ശതമാനം കൂടി 65347 കോടി ഡോളറിലെത്തുകയും ചെയ്തു. വ്യാപാരക്കമ്മി 24753 കോടി ഡോളർ.