ADVERTISEMENT

മുംബൈ∙ ബാങ്കിങ്, ഫിനാൻഷ്യൽ, ടെലികോം ഓഹരികളിൽ വിൽപന സമ്മർദം ശക്തമായതോടെ ഇന്നലെ എൻഎസ്ഇ നിഫ്റ്റി ഇടിഞ്ഞ് 17000 പോയിന്റിന് താഴെയെത്തി. യുഎസിലെ ബാങ്കുകളുടെ തകർച്ചയും, വിദേശ ധനസ്ഥാപനങ്ങൾ ഓഹരി വിറ്റഴിക്കുന്നതും മൂലം ദിവസങ്ങളായി ഓഹരിവിപണി തകർച്ച നേരിടുകയാണ്. തുടർച്ചയായ അഞ്ചാം വ്യാപാരദിനത്തിലും സെൻസെക്സിൽ ഇടിവു രേഖപ്പെടുത്തി. 344.29 പോയിന്റ് കുറഞ്ഞ് 57,555.90ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 570 പോയിന്റ് വരെ ഉയർന്ന് 58,473ൽ എത്തുകയുണ്ടായി. ഉച്ചയ്ക്ക് യൂറോപ്യൻ ഓഹരി വിപണി തകർച്ചയോടെ വ്യാപാരം തുടങ്ങിയത് ഇവിടെയും പ്രതിഫലിച്ചു. 

  സൂചികകൾ തിരിച്ചിറങ്ങി. യൂറോപ്യൻ സെൻട്രൽ ബാങ്ക് 25 ബേസിസ് പോയിന്റ് വരെ പലിശ വർധന പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയാണ് തിരിച്ചടിയായത്. നിഫ്റ്റി 71.15 പോയിന്റ് ഇടിഞ്ഞ് 16,972.15ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിൽ ഏറ്റവും നഷ്ടം രേഖപ്പെടുത്തിയത് ഇൻഡസ്ഇൻഡ് ബാങ്കാണ്. ഓഹരി 2 ശതമാനത്തോളം ഇടിഞ്ഞു. ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ഓഹരികൾ എന്നിവയും ഇടിവ് നേരിട്ടു. 

എന്നാൽ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്തിട്ടുള്ള എട്ട് കമ്പനികളുടെ ഓഹരികളും നേട്ടമുണ്ടാക്കി. നാലു ദിവസമായി ക്ഷീണത്തിലായിരുന്ന അദാനി എന്റർപ്രൈസസ് ഓഹരി വില  5 ശതമാനത്തിലേറെ ഉയർന്നു. വിദേശ ധനസ്ഥാപനങ്ങൾ ചൊവ്വാഴ്ച മാത്രം ഇന്ത്യൻ വിപണിയിൽനിന്നു വിറ്റുമാറിയത് 3,086.96 കോടി രൂപയുടെ ഓഹരികളാണ്. അതേസമയം, ഡോളറുമായുള്ള വിനിമയത്തിൽ രൂപ 25 പൈസ ഇടിഞ്ഞ് 82.62 നിലവാരത്തിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com