ബാങ്കുകളെ പേടിച്ച് ഓഹരിവിപണി

Stock-Market
SHARE

കേന്ദ്ര ബാങ്കുകളെയായിരുന്നു ഓഹരി വിപണിക്കു പേടി. ഏറെ നാളായിട്ട് അങ്ങനെയായിരുന്നു. കാരണം അവ മത്സരിച്ചായിരുന്നല്ലോ വായ്‌പാ നിരക്കു തുടരെ വർധിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിപണിക്കു പേടി യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര ബാങ്കുകളെയല്ല, അവയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണ്. അവയിൽ ചിലതിന്റെ തകർച്ചയാണു വിപണിയെ ഇപ്പോഴത്തെ ദുരവസ്‌ഥയിലെത്തിച്ചിരിക്കുന്നത്.

സിൽവർഗേറ്റ് ബാങ്കിന്റെ തകർച്ചയായിരുന്നു ആദ്യം. അതു വലിയ സംഭവമായി ആർക്കും തോന്നിയില്ല. തുടർന്നു സിലിക്കൺ വാലി ബാങ്ക് തകർന്നപ്പോഴാണു സംഗതി കൈവിട്ടുപോകുകയാണോ എന്ന ആശങ്കയുണ്ടായത്. അതിനിടെ, സിഗ്‌നേച്ചർ ബാങ്ക് കൂടി തകർന്നപ്പോൾ ആശങ്ക പരിഭ്രാന്തിയായി. അതുവരെ യുഎസിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നു ബാങ്കിങ് വ്യവസായം നേരിടുന്ന ഭീഷണി. എന്നാൽ സ്വിറ്റ്‌സർലൻഡ് ആസ്‌ഥാനമായുള്ള ക്രെഡിറ്റ് സ്വീസിന്റെ രക്ഷയ്‌ക്കു സ്വിസ് നാഷനൽ ബാങ്കിന്റെ സഹായം വേണ്ടിവന്നതോടെ യൂറോപ്യൻ ബാങ്കുകളുടെ സുരക്ഷിതത്വവും സംശയത്തിന്റെ നിഴലിലായി. ലോകത്തെതന്നെ ഏറ്റവും വലിയ ധനസ്‌ഥാപനങ്ങളിലൊന്നായ ക്രെഡിറ്റ് സ്വീസുമായി ബന്ധപ്പെട്ട പരിഭ്രാന്തിക്കിടയിൽ യുഎസിലെ ഫസ്‌റ്റ് റിപ്പബ്ലിക് ബാങ്കും തകർച്ചയുടെ വക്കിലെത്തുകയുണ്ടായി. എന്നാൽ ജെപി മോർഗൻ ചേസ്, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫർഗോ, ഗോൾഡ്‌മാൻ സാക്‌സ്, മോർഗൻ സ്‌റ്റാൻലി തുടങ്ങിയ വൻകിട ധനസ്‌ഥാപനങ്ങളുടെ പിന്തുണയിലാണു തകർച്ച ഒഴിവായത്.

 ഇന്ത്യൻ വിപണിക്ക് പ്രതീക്ഷ

ആഗോള സമ്പദ്‌വ്യവസ്‌ഥയിലെ പരമ പ്രധാന ഘടകം ബാങ്കിങ് മേഖലയാണെന്നിരിക്കെ തുടർച്ചയായ ബാങ്ക് തകർച്ചകളുടെ ആഘാതത്തിൽ ഓഹരി വിപണികൾക്ക് ഉലയാതിരിക്കാനാകുമോ? 10 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഇന്ത്യയിലെ മാത്രം ഓഹരി നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുണ്ടായിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല.

മിക്ക ഓഹരികളുടെയും വില തികച്ചും ന്യായവും ചിലതിന്റെയൊക്കെ വില വളരെ ആദായകരവുമാണ് ഇപ്പോൾ. എന്നിട്ടുപോലും വിപണിക്കു പ്രസരിപ്പു വീണ്ടെടുക്കാനാവാത്ത അവസ്‌ഥ. ഈ അവസ്‌ഥയിൽനിന്നു കരകയറാനാകുന്ന വിപണികളിൽ ആദ്യത്തേത് ഇന്ത്യയിലേതായിരിക്കുമെന്നതു മാത്രമാണ് ആശ്വാസവും പ്രതീക്ഷയും.

 ഫെഡ് റിസർവിന്റെ തീരുമാനം കാത്ത്

പലിശ വർധനയുടെ കാര്യത്തിൽ യാഥാർഥ്യബോധത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ യുഎസ് ഫെഡ് റിസർവ് നിർബന്ധിതമാകുമെന്നാണു സൂചന. ഫെഡ് റിസർവിന്റെ നിരക്കു നിർണയ സമിതി നാളെയും മറ്റന്നാളുമായി യോഗം ചേരുന്നുണ്ട്. ഫെഡ് റിസർവിന്റെ തീരുമാനത്തെ അനുകരിക്കാൻ മറ്റു കേന്ദ്ര ബാങ്കുകളും തയാറായേക്കുമെന്നും പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില നല്ല തോതിൽ ഇടിയുന്നതിന്റെ നേട്ടവും ശ്രദ്ധേയം.

 നിഫ്‌റ്റിയുടെ നില മെച്ചപ്പെട്ടേക്കും

കഴിഞ്ഞ ആഴ്‌ച നിഫ്‌റ്റി വീണ്ടും 17,000 പോയിന്റിനു താഴേക്കിറങ്ങുന്നതു കണ്ടു. അഞ്ചു മാസത്തിനു ശേഷം ആദ്യമാണ് ഇങ്ങനെ. എങ്കിലും വാരാന്ത്യത്തോടെ നില മെച്ചപ്പെട്ടതിനാൽ ഈ ആഴ്‌ച 17,350 – 17,400 നിലവാരം പ്രതീക്ഷിക്കാം. 16,700 – 16,800 നിലവാരത്തിലേക്കുള്ള മടക്കയാത്രയ്‌ക്കു സാധ്യത നിലനിൽക്കുന്നുമുണ്ട്.

 എസ്‌ബിഐ കാർഡ്‌സ്  ബോർഡ് യോഗം നാളെ

രാജ്യത്തെ ക്രെഡിറ്റ് കാർഡ് കമ്പനികളിൽ രണ്ടാം സ്‌ഥാനമുള്ള എസ്‌ബിഐ ക്രെഡിറ്റ് കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവീതം അനുവദിച്ചേക്കും. കമ്പനിയുടെ നാളെ ചേരുന്ന ബോർഡ് യോഗം ഇക്കാര്യം പരിഗണിക്കും. ലാഭവീതത്തിന് അർഹതയുള്ളവരെ നിർണയിക്കുന്ന റെക്കോർഡ് തീയതി 29 എന്നു നിശ്‌ചയിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS