കൊച്ചി ∙ തുടർച്ചയായ ബാങ്ക് തകർച്ചയുടെ ഫലമായി ഓഹരി വിപണിയിൽ വ്യാപിച്ച പരിഭ്രാന്തിക്കു ശമനമാകുന്നില്ല. വാരാന്ത്യ ഇടവേളയ്ക്കു ശേഷം വ്യാപാരം ആരംഭിക്കുമ്പോൾ വിപണി നേരിയ തോതിലെങ്കിലും മുന്നേറുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മറിച്ചാണു സംഭവിച്ചത്. ഒരു ഘട്ടത്തിൽ സെൻസെക്സ് 800 പോയിന്റിലേറെ തകരുകപോലും ചെയ്തു. വ്യാപാരാവസാനത്തോടെ നില മെച്ചപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും നേരിയ വിജയം മാത്രമാണു കൈവരിക്കാൻ കഴിഞ്ഞത്.
സെൻസെക്സ് 360.95 പോയിന്റ് ഇടിവോടെ 57,628.95 ൽ ‘ക്ളോസ്’ ചെയ്തപ്പോൾ നിഫ്റ്റി 111.65 പോയിന്റ് താഴ്ന്നു 16,988.40 ൽ അവസാനിച്ചു. ഇന്നലത്തെ ഇടിവിൽ രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായിട്ടുണ്ട്. ഒരാഴ്ചയിലെ ഇടിവ് 10.77 ലക്ഷം കോടി രൂപയുടേതാണ്.
ഇന്ന് ആരംഭിച്ചു നാളെ അവസാനിക്കുന്ന യുഎസ് ഫെഡ് റിസർവ് പണ നയ സമിതി യോഗം വായ്പാ നിരക്കിൽ എന്തു മാറ്റമാണു നിർദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വിപണിയുടെ തുടർചലനങ്ങൾ. 0.5% വർധനയ്ക്കു സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ അത്ര വലിയ വർധനയ്ക്കു സാധ്യതയില്ലെന്നാണു സൂചനകൾ. ഇന്ത്യൻ വിപണിയിൽ മാത്രമല്ല ആഗോള വിപണികളിലാകെത്തന്നെ ബാങ്ക് തകർച്ചയുടെ പ്രത്യാഘാതം തുടരുകയാണ്. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ യൂറോപ്പിലെ ഓഹരി സൂചികകൾ പക്ഷേ നേരിയ മുന്നേറ്റത്തിലായിരുന്നു.