കൊച്ചി ∙ ഏതാനും മാസങ്ങൾക്കിടെ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി മുട്ട കയറ്റുമതിയിൽ വൻ വർധന. തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ് മുട്ട എത്തുന്നത്. കഴിഞ്ഞ നവംബറിൽ 2.016 ടൺ മാത്രമായിരുന്ന കയറ്റുമതി ഫെബ്രുവരിയിൽ 11.742ടൺ ആണ്. പല രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഒമാനിലേക്ക് ആവശ്യം വർധിച്ചതാണു കൊച്ചി വഴിയുള്ള കയറ്റുമതി വർധനയ്ക്കു കാരണം. പോൾട്രി ഫാമുകളുടെ വികസനത്തിനു വേണ്ടിയാണ് ഒമാൻ മുട്ട (ഹാച്ച്ഡ് എഗ്) ഇറക്കുമതി ചെയ്യുന്നത്. വിരിയിച്ചു വളർത്തലാണ് ഉദ്ദേശ്യം. ക്രൂഡ്, ഗ്യാസ് സ്രോതസ്സുകൾക്കു പുറമേ, മറ്റു വരുമാന മാർഗങ്ങളും വികസിപ്പിക്കുകയാണ് ഒമാൻ.
നാമക്കൽ മുട്ട കൊച്ചി വഴി അയയ്ക്കുന്നതു കേരളത്തിലെ കയറ്റുമതി വ്യാപാരികൾക്കും വിമാനത്താവളത്തിനും നേടിത്തരുന്നത് അധിക വരുമാനം. എങ്കിലും, കേരളത്തിലെ ആഭ്യന്തര ആവശ്യത്തിനുള്ള മുട്ട പോലും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ കാർഷിക മേഖലയ്ക്കു നേട്ടമില്ല. അതേസമയം, ഇന്ത്യയുടെ ‘പോൾട്രി ആസ്ഥാനം’ എന്നറിയപ്പെടുന്ന നാമക്കൽ മലേഷ്യ ഉൾപ്പെടെ പുതിയ വിപണികളിലേക്കു വളരുകയാണ്. ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളും തിരുച്ചിറപ്പള്ളി വിമാനത്താവളവും വഴിയാണ് മലേഷ്യയിലേക്ക് കയറ്റുമതി.