കൊച്ചി∙ അമേരിക്കയിലെ ബാങ്കുകളുടെ തകർച്ച സൃഷ്ടിച്ച ആഘാതം കൂടി ആയതോടെ ഓഹരി വിപണികളുടെ ഉടനെയുള്ള തിരിച്ചുവരവിനെച്ചൊല്ലി ആശങ്കയിലാണ് നിക്ഷേപകർ. വിപണികൾ ഉടൻ തിരിച്ചുകയറുമെന്ന് ഒരു വിഭാഗം വിദഗ്ധർ വാദിക്കുന്നുണ്ടെങ്കിലും, സാധ്യതയില്ലെന്നു മറ്റൊരു വിഭാഗം പറയുന്നു. 4 ദിവസം കൊണ്ട് സെൻസെക്സ് 2500 പോയിന്റ് ഇടിയുകയും നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്ത ശേഷമുള്ള വിലയിരുത്തലുകളാണിത്.
വില കുതിക്കുമെന്ന് ഒരുപക്ഷം
1. ലോകമാകെ സാമ്പത്തിക പ്രതിസന്ധി വരുമെന്നു പ്രതീക്ഷിച്ച് എണ്ണവില ഇടിഞ്ഞു. നിലവിൽ ബാരലിന് 65 ഡോളർ മാത്രം. ലോകമാകെ നേട്ടമാണ് എണ്ണവിലയിടിവ്. പെട്രോളിയം വില കുറഞ്ഞാൽ അസംസ്കൃത വസ്തുക്കളുടെ വില കുറയും. പണപ്പെരുപ്പവും കുറയും.
2. വിലക്കയറ്റം കുറയുന്ന പ്രവണത കാണിച്ചാൽ പലിശ നിരക്ക് കൂട്ടുന്നത് യുഎസിലെ ഫെഡറൽ റിസർവും ഇന്ത്യയുടെ റിസർവ് ബാങ്കും നിർത്തി വയ്ക്കും. ഫെഡറൽ റിസർവ് യോഗം ഇന്നും നാളെയുമായിട്ടാണ്. റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ഏപ്രിൽ 3–6 തീയതികളിൽ പ്രതീക്ഷിക്കുന്നു. പലിശ നിരക്ക് കുറച്ചില്ലെങ്കിലും കൂട്ടുന്നതു നിർത്തിയാൽ തന്നെ വിപണിയിലേക്ക് നിക്ഷേപം തിരിച്ചെത്തും.
അമിത പ്രതീക്ഷയെന്ന് മറുപക്ഷം
1. പലിശ നിരക്കിൽ ഉടനെ കുറവ് വരില്ല. കൂട്ടുന്നതു നിർത്തിയേക്കാം. പലിശ നിരക്ക് വർധനകൾക്കു ശേഷം ഒരിടവേള കഴിഞ്ഞു മാത്രമേ പലിശ കുറയ്ക്കലിലേക്ക് കേന്ദ്ര ബാങ്കുകൾ നീങ്ങുകയുള്ളു. എണ്ണവിലയിടിവ് തന്നെ ആഗോള മാന്ദ്യത്തിന്റെ സൂചന മൂലമാണ്.
2. വിപണിയിൽ പ്രസരിപ്പ് വരണമെങ്കിൽ ആദ്യം വിലക്കയറ്റം കുറയണം. അത് നിയന്ത്രണത്തിലാണെന്ന് കേന്ദ്രബാങ്കുകൾ പ്രഖ്യാപിക്കണം. മാത്രമല്ല ലോക ബാങ്കിങ് വ്യവസ്ഥയിൽ വിശ്വാസം തിരിച്ചെത്തേണ്ടതുമുണ്ട്.