ADVERTISEMENT

കൊച്ചി ∙ ടെക് മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾ പ്രഫഷനലുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടയിൽ ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തെ പല സ്‌ഥാപനങ്ങളും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ ശാഖകളിൽ യോഗ്യതയുള്ളവർക്കു വർധിച്ച തോതിൽ അവസരങ്ങളൊരുക്കുന്നു. അടുത്ത ഏതാനും വർഷങ്ങളിൽ ഈ സ്‌ഥാപനങ്ങളിലെ ടെക് പ്രഫഷനൽ നിയമനങ്ങളിൽ വലിയ മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള ആദ്യ ജോലി തേടുന്നവരെ മാത്രമല്ല വിവിധ മേഖലകളിൽ പരിചയം ആർജിച്ചിട്ടുള്ളവരെയും ബാങ്കുകൾ, ധന സേവനദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്ന ബിഎഫ്‌എസ്‌ഐ വ്യവസായത്തിനു വലിയ തോതിൽ ആവശ്യമുണ്ട്. എന്നാൽ വ്യവസായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പ്രാപ്‌തരായവരുടെ ദൗർലഭ്യവും വലുതാണ്.

ഭാവി ധനകാര്യരംഗം ടെക്കികളുടെ കയ്യിൽ

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫെയ്‌സ് (യുപിഐ) പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ബഹുദൂരം പിന്തള്ളപ്പെട്ടുപോയ ബാങ്കുകൾ ഗൂഗിൾപേ പോലുള്ള ജനകീയ പേയ്‌മെന്റ് ആപ്പുകൾക്കു ബദൽ കണ്ടെത്താൻ തീവ്രശ്രമം നടത്തുന്നു. പ്രോഡക്‌ട് ഐഡിയേഷൻ മുതൽ ഡിജിറ്റൽ വിപണനം വരെയുള്ള മറ്റു മേലകളിലും നവസാങ്കേതികവിദ്യകളുടെ പിന്തുണ അത്യാവശ്യമായിരിക്കുന്നു. വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള രംഗങ്ങളിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. പല തരത്തിലും തലത്തിലുമുള്ള ക്രമക്കേടുകൾ സൈബർ സുരക്ഷിതത്വത്തിന്റെ പ്രസക്‌തി വർധിപ്പിക്കുന്നുമുണ്ട്.

ഇത്തരം കാരണങ്ങളാലാണു ധന സേവനദാതാക്കൾക്കു  ടെക് പ്രതിഭകളുടെ ആവശ്യം വർധിച്ചിരിക്കുന്നത്. നിയോ ബാങ്കുകൾ, എംബെഡഡ് ഫിനാൻസ്, മെറ്റാവേഴ്സ് ബാങ്കിങ് തുടങ്ങിയവയുടെ ആവിർഭാവവും ഓപ്പൺ ബാങ്കിങ് പോലുള്ള സങ്കേതങ്ങളുടെ സാധ്യതകളും ടെക് പ്രഫഷനലുകളുടെ ആവശ്യം വർധിപ്പിക്കുന്നു. പ്രധാനമായും രണ്ടു വിഭാഗത്തിൽപ്പെട്ട വൈദഗ്‌ധ്യമുള്ളവർക്കാണു ബിഎഫ്‌എസ്‌ഐ വ്യവസായത്തിൽ അവസരങ്ങൾ വർധിച്ചുവരുന്നത്. എൻജിനീയറിങ് വൈദഗ്‌ധ്യമാണ് ഒന്ന്. മറ്റൊന്ന് ഉൽപന്ന / സേവന വൈദഗ്‌ധ്യം. നിർമിത ബുദ്ധി, മെഷീൻ ലേണിങ്, ക്ലൗഡ്, ബ്ലോക് ചെയിൻ, ക്വാണ്ടം കംപ്യൂട്ടിങ്, ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ ഒപ്‌ടിമൈസേഷൻ,  റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ എന്നിങ്ങനെ വിവിധവും വിപുലവുമായ ശാഖകളോടു ബന്ധപ്പെട്ട വൈദഗ്‌ധ്യമാണു വ്യവസായം ആവശ്യപ്പെടുന്നത്.

10 വർഷംകൊണ്ട് 10 ലക്ഷം തൊഴിൽ

ഇന്ത്യയിലെ ബാങ്കിങ് മേഖല ഏതാനും വർഷത്തിനകം ചൈന, യുഎസ് എന്നിവിടങ്ങളിലേതിനു സമാനമായ വലുപ്പം നേടുമെന്നും രാജ്യത്തെ ബിഎഫ്‌എസ്‌ഐ വ്യവസായത്തിൽ 10 വർഷത്തിനകം ടെക് പ്രഫഷനലുകളുടെ എണ്ണം 10 ലക്ഷം പിന്നിടുമെന്നുമാണ് അനുമാനം. ഇപ്പോൾത്തന്നെ ഈ വ്യവസായത്തിൽ ഗണ്യമായ അളവിൽ ടെക് പ്രഫഷനലുകളുണ്ട്. പൊതു മേഖലയിലെ പല ബാങ്കുകളും ടെക് ഉൽപന്നങ്ങൾ പുറംകരാർ വഴി നേടുകയാണ്. എന്നിട്ടുപോലും അവ വലിയ തോതിൽത്തന്നെ ടെക് പ്രഫഷനലുകളെ സ്വന്തമാക്കുന്നു. 

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയിലെ 13,000 ജീവനക്കാരിൽ ടെക് പ്രഫഷനലുകളുടെ എണ്ണം നാനൂറോളമാണെന്ന് ചെയർമാൻ എ.എസ്. രാജീവ് ചൂണ്ടിക്കാട്ടുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഈ വർഷം അറുപതോളം ടെക് പ്രഫഷനലുകളെക്കൂടി നിയമിക്കാൻ ലക്ഷ്യമിടുന്നതായി ചീഫ് ജനറൽ മാനേജർ (എച്ച്‌ആർ & ഓപ്പറേഷൻസ്) ആന്റോ ജോർജ് പറഞ്ഞു.

സാങ്കേതിക വൈദഗ്‌ധ്യമുള്ളവരുടെ ആവശ്യം വർധിച്ചുവരുമെന്നതിനാൽ ടെക് പ്രഫഷനലുകൾക്കു ബാങ്കുകളിൽ കൂടുതൽ തൊഴിലവസരമുണ്ടാകുമെന്നു ആർബിഎൽ ബാങ്കിന്റെ എച്ച്‌ആർ വിഭാഗം മേധാവി വിശാൽ കുഖ്‌റേജ വിലയിരുത്തുന്നു. ബാങ്ക് ഇതര ധനസ്‌ഥാപനമായ മണപ്പുറം ഫിനാൻസ് നൈപുണ്യ പരിശീലനത്തിനും സാങ്കേതികവിദ്യയുടെ സഹകരണത്തിനും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസുമായി ധാരണയിലെത്തിയിട്ടുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com