മുംബൈ∙ ആഗോള ഓഹരി വിപണി കൈവരിച്ച സ്ഥിരത ഇന്ത്യൻ വിപണിക്കും ഊർജമായി. മുംബൈ ഓഹരി സൂചിക സെൻസെക്സും ദേശീയ ഓഹരി സൂചിക നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് നേട്ടത്തോടെ ക്ലോസ് ചെയ്തു. റിലയൻസ്, ബാങ്കിങ് ഓഹരികൾ സമാഹരിക്കുന്നതിന് ഇടപാടുകാർ കാണിച്ച താൽപര്യമാണ് സൂചികകളുടെ കുതിപ്പിന് കാരണം.
സെൻസെക്സ് 445.73 പോയിന്റ് (0.77%) ഉയർന്ന് 58,074.68ൽ ക്ലോസ് ചെയ്തു. സൂചിക ഒരു ഘട്ടത്തിൽ 504.38 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 119.10 പോയിന്റ് (0.70%) ഉയർന്ന് 17,107.50ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു കൂടുതൽ നേട്ടമുണ്ടാക്കിയ (3.11%) ഓഹരി. ബജാജ് ഫിൻസെർവ്, ടൈറ്റൻ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു.
പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലീവർ, ടെക് മഹിന്ദ്ര, ടാറ്റ കൺസൽറ്റൻസി സർവീസസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സോൾ, ഹോങ്കോങ്, ഷാങ്ഹായ് തുടങ്ങി ഇതര ഏഷ്യൻ ഓഹരി വിപണികളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ട്രേഡിങ്ങിന്റെ മധ്യത്തിൽ നേട്ടത്തിലായിരുന്നു. ആഗോള എണ്ണവിലയിൽ വർധനയുണ്ട്. ബ്രെന്റ് ക്രൂഡ് വില 0.65% വർധിച്ച് ബാരലിന് 74.27 ഡോളറായി.