ലണ്ടൻ∙ ഭക്ഷണം, ഊർജം എന്നിവയുടെ വില ഉയർന്നതോടെ ഫെബ്രുവരിയിൽ യുകെയിലെ വിലക്കയറ്റം കുതിച്ചു. 10.4 ശതമാനമായാണ് വിലക്കയറ്റത്തോത് ഉയർന്നത്. തൊട്ടുമുൻപത്തെ മാസം 10.1 ശതമാനമായിരുന്നു. വിലക്കയറ്റം 9.9 ശതമാനത്തിലേക്കു താഴുമെന്ന് മിക്കവാറും വിദഗ്ധർ പ്രവചിച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു ചേരുന്ന പണനയസമിതി വിലക്കയറ്റം പിടിച്ചുനിർത്താൻ തുടർച്ചയായി 11ാം തവണയും പലിശ നിരക്ക് ഉയർത്തുമെന്ന് ഇതോടെ ഉറപ്പായി.
അതേസമയം, യുഎസിലെയും മറ്റും ബാങ്കുകളുടെ തകർച്ച ആഗോള ബാങ്കിങ് രംഗത്ത് ആശങ്ക ഉയർത്തുന്ന പശ്ചാത്തലത്തിൽ പലിശ ഉയർത്തുന്നതും വെല്ലുവിളിയാണ്. പലിശ നിരക്കിൽ .25% ന്റെ വർധന വരുത്തുമെന്നാണ് കരുതുന്നത്. പാൽ, മുട്ട, പച്ചക്കറി എന്നിവയുടെ കത്തുന്ന വില യുകെയിൽ ഉപയോക്താക്കളെ വലയ്ക്കുകയാണ്. ജീവിതച്ചെലവ് കൂടിയതോടെ ജനങ്ങളുടെ ജീവിതനിലവാരവും താഴേയ്ക്കായി. 1950ന് ശേഷം ഇത്തരം അവസ്ഥ യുകെയിൽ ആദ്യം. 12 മാസത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വില 18 ശതമാനമാണ് കൂടിയത്.
സർക്കാർ സഹായധനം നൽകിയിട്ടും കഴിഞ്ഞ വർഷം ഇലക്ട്രിസിറ്റി, പാചകവാതകം എന്നിവയുടെ വിലയിൽ 27 ശതമാനം വർധനയുണ്ടായി. ഈ വർഷം അവസാനത്തോടെ വിലക്കയറ്റം 2.9 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനുമാനം.