ആക്സഞ്ചർ 19,000 പേരെ പിരിച്ചുവിടും

HIGHLIGHTS
  • ഐടി സേവനരംഗത്തെ സമീപകാലത്തുള്ള വലിയ പിരിച്ചുവിടൽ
  • മറ്റ് സർവീസസ് കമ്പനികളിലേക്ക് വ്യാപിക്കുമോയെന്ന് ആശങ്ക
ACCENTURE-RESULTS/
SHARE

ന്യൂഡൽഹി∙ സാമ്പത്തിമാന്ദ്യത്തിന്റെ സൂചനകൾക്കിടെ പ്രമുഖ ഐടി, കൺസൽറ്റൻസി സ്ഥാപനമായ ആക്സഞ്ചർ വിവിധ രാജ്യങ്ങളിലെ ഓഫിസുകളിൽ നിന്ന് 19,000 ജീവനക്കാരെ പിരിച്ചുവിടുന്നു. ഐടി സേവനരംഗത്തു (സർവീസസ്) പ്രവർത്തിക്കുന്ന ഒരു കമ്പനി ഇത്രയും വലിയ പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഇതിന്റെ സ്വാധീനം മറ്റ് വമ്പൻ സർവീസസ് കമ്പനികളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ഐടി ലോകം.

ആക്സഞ്ചറിന്റെ മൊത്തം ജീവനക്കാരുടെ 2.5 ശതമാനത്തോളം പേരാണ് സെപ്റ്റംബറോടെ പുറത്തുപോകുന്നത്. ഇതിൽ പകുതി പേർ ടെക്, കൺസൽറ്റിങ് മേഖലയിലുള്ള ജീവനക്കാരും ബാക്കിയുള്ളവർ സപ്പോർട്ടിങ് സ്റ്റാഫുമാണ്. പുറത്തുപോകുന്നവരിൽ 800ലേറെ പേർ നേതൃസ്ഥാനത്തുള്ളവരാണ്. വാർഷിക വരുമാന, ലാഭ അനുമാനവും ആക്സഞ്ചർ കുറച്ചു. വരുമാനത്തിലെ വളർച്ച മുൻപ് 11% വരെയാണ് പ്രവചിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 8 മുതൽ 10% വരെയാക്കി.

ഇന്ത്യയിൽ ആക്സഞ്ചറിന് 3 ലക്ഷം ജീവനക്കാർ

ഇന്ത്യയിൽ എത്ര പേരെ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല. 2022ലെ കണക്കനുസരിച്ച് ആക്സഞ്ചറിന് ലോകമാകെയുള്ള 7 ലക്ഷത്തോളം ജീവനക്കാരിൽ 3 ലക്ഷം പേർ ഇന്ത്യയിലാണ്. ഡൽഹി, ബെംഗളൂരു ഇന്ത്യയിൽ ഓഫിസുള്ള വിദേശ ഐടി കമ്പനികളിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ആക്സഞ്ചറിനാണ്.

ആക്സഞ്ചർ നൽകുന്ന സൂചന

സർവീസസ്, പ്രോഡക്റ്റ് എന്നിങ്ങനെ രണ്ടു തരത്തിലാണ് കമ്പനികൾ. വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്റ്റ് കമ്പനികളെയാണ് മാന്ദ്യം ആദ്യം ബാധിക്കുന്നത്. ഇതുവരെയുള്ള ഐടി കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഫെയ്സ്ബുക്, ട്വിറ്റർ പോലെയുള്ള പ്രോഡക്റ്റ് കമ്പനികളിൽ നിന്നായിരുന്നു. 

മാന്ദ്യം അടുത്തഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ഇത്തരം പ്രോഡക്റ്റ് കമ്പനികൾക്കടക്കം സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിച്ചുതുടങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് ഇൻഫോസിസ്, ടിസിഎസ് പോലെയുള്ള സർവീസസ് കമ്പനികളിലാണ്. സർവീസസ് കമ്പനികൾ ഏറെയുള്ള ഇന്ത്യയ്ക്ക് ആശങ്കയേകുന്നതാണ് സേവനമേഖലയിലേക്കും വ്യാപിക്കുന്ന കൂട്ടപ്പിരിച്ചുവിടൽ ട്രെൻഡ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA