ചാറ്റ്ജിപിടി എന്ന എഐ അധിഷ്ഠിത ചാറ്റ്ബോട്ടിനു ബദലായി ഗൂഗിൾ പ്രഖ്യാപിച്ച ‘ബാർഡ്’ യുഎസിലും യുകെയിലും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. റജിസ്റ്റർ ചെയ്യുന്നവർക്ക് മൂന്നു ദിവസത്തിനുള്ളിൽ ‘ബാർഡ്’ ലഭ്യമാകും. നിലവിൽ ഇംഗ്ലിഷിൽ മാത്രമാണ് സേവനം. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലും വിവിധ ഭാഷകളിലും സമീപഭാവിയിൽ തന്നെ താനെത്തുമെന്ന് ‘ബാർഡ്’ തന്നെ പറയുന്നു. ചാറ്റ്ജിപിടി പോലെ തന്നെ ബാർഡിനും മൊബൈൽ ആപ്ലിക്കേഷൻ ഇല്ല. bard.google.com എന്ന വെബ്സൈറ്റിൽ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തുപയോഗിക്കാം.
തത്സമയ വിവരങ്ങൾ ബാർഡിന്റെ മികവ്
കഥ, കവിത, ഉപന്യാസം, കംപ്യൂട്ടർ പ്രോഗ്രാമെഴുത്ത് തുടങ്ങിയവയിലാണ് ചാറ്റ് ജിപിടിയുടെ വൈഭവമെങ്കിൽ തത്സമയ വിവരങ്ങൾ നൽകുന്നതിലാണ് ബാർഡിന്റെ മികവ്. 2021 സെപ്റ്റംബറിനു ശേഷമുള്ള വിവരങ്ങൾ അറിയാത്ത ചാറ്റ്ജിപിടിയുടെ പോരായ്മയും അതു തന്നെയാണ്. മൈക്രോസോഫ്റ്റ് ബിങ് സേർച് എൻജിനിൽ ചാറ്റ്ജിപിടി ലഭ്യമാണെങ്കിലും ബിങ്ങിന്റെ സേർച് ഫലങ്ങൾ വിശകലനം ചെയ്തു സാരാംശം നൽകാനേ ശേഷിയുള്ളൂ.
എന്നാൽ, ഗൂഗിൾ സേർച് ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നുള്ള തത്സമയ ഡേറ്റയാണ് ബാർഡിന്റെ കരുത്ത്. അതേസമയം, ബിങ് സേർച് എൻജിനും എഡ്ജ് ബ്രൗസറിനും പിന്നാലെ ഒപേറയും ചാറ്റ്ജിപിടിയെ ബ്രൗസറിന്റെ ഭാഗമാക്കി. എഐ പ്രോംപ്റ്റ്സ് എന്ന ഓപ്ഷനിലാണ് ചാറ്റ്ജിപിടി, ചാറ്റ്സോണിക് എന്നീ സേവനങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചത്. ബ്രേവ്, ഡക്ക്ഡക്ക്ഗോ എന്നീ ബ്രൗസറുകളിലും സമാനസേവനം അവതരിപ്പിച്ചിട്ടുണ്ട്.
ഫോട്ടോഷോപ്പിലേക്ക് അഡോബി ഫയർഫ്ലൈ
മിഡ്ജേണി, ഡാൽ-ഇ തുടങ്ങിയ ചിത്രസൃഷ്ടി എഐകളോട് മത്സരിക്കാൻ അഡോബി സ്വന്തം എഐ മോഡൽ അവതരിപ്പിച്ചു. അഡോബി ഫയർഫ്ലൈ (firefly.adobe.com) എന്ന സേവനം ഉപയോഗിക്കാൻ റജിസ്റ്റർ ചെയ്തു കാത്തിരിക്കണം. ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ് എന്നീ സോഫ്റ്റ്‍വെയറുകളുമായി കോർത്തിണക്കിയാണ് ഫയർഫ്ലൈ വരുന്നത്. മൈക്രോസോഫ്റ്റ് ബിങ് ഇമേജ് ക്രിയേറ്റർ ജിപിടി 4 ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തി. വിലാസം: bing.com/create