ബിപിസിഎൽ 7000 ഇവി ചാർജിങ് പോയിന്റ് ഒരുക്കും
Mail This Article
കൊച്ചി∙ വൈദ്യുത വാഹനങ്ങൾക്കായി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഏഴായിരത്തിലധികം ചാർജിങ് പോയിന്റുകൾ ഒരുക്കുമെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബിപിസിഎൽ). നിലവിൽ 30,000 കിലോമീറ്ററിൽ 60 ഇവി ചാർജിങ് കോറിഡോർ ഒരുക്കിയിട്ടുണ്ട്. 100 കോറിഡോറുകളുടെ പണി പൂർത്തിയായി വരുന്നു. ഓരോ 100 കിലോമീറ്ററിലും ഒരു ചാർജിങ് സ്റ്റേഷൻ എന്ന രീതിയിലാണ് കോറിഡോർ. കേരളത്തിൽ 19 ചാർജിങ് സ്റ്റേഷനുകളുമായി മൂന്നു കോറിഡോർ തുറക്കും.
കൊച്ചി– തിരുവനന്തപുരം, കൊച്ചി– മൂന്നാർ, കൊച്ചി– തേക്കടി കോറിഡോറുകൾ 4 മാസത്തിനുള്ളിൽ ആരംഭിക്കും. അടുത്തവർഷം അങ്കമാലി– തിരുവനന്തപുരം ഹൈവേ റൂട്ടിലും ചാർജിങ് സ്റ്റേഷനുകൾ തുടങ്ങും. 125 കിലോമീറ്റർ വരെ റേഞ്ച് കിട്ടുന്ന രീതിയിൽ വൈദ്യുത വാഹനം ചാർജ് ചെയ്യാൻ 30 മിനിറ്റ് എടുക്കും.
‘ഹലോബിപിസിഎൽ’ ആപ്പ് വഴിയാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം. ഈ മാസം അവസാനത്തോടെ 200 ഹൈവേകൾ അതിവേഗ വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റുമെന്നും ബിപിസിഎൽ അറിയിച്ചു. എഥനോൾ ചേർത്ത പെട്രോളിന്റെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനികൾ 130 ഡിസ്റ്റിലറികളുമായി കരാർ ഒപ്പുവച്ചിട്ടുണ്ടെന്ന് ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്.രവി പറഞ്ഞു.