ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) വേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ കേന്ദ്രം സമിതിയെ നിയോഗിക്കുമെന്നും ലോക്സഭ പാസാക്കിയ ധനബില്ലിൽ പറയുന്നു. ജീവനക്കാരുടെ ആശങ്കകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസ്ഥിരതയും പരിഗണിച്ചുള്ള മാറ്റങ്ങളായിരിക്കും വരുത്തുക. 

ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി ട്രൈബ്യൂണൽ ഉടൻ നിലവിൽ വരും. നികുതിദായകരുടെ ദീർഘകാല ആവശ്യമാണിത്. ഡൽഹിയിലായിരിക്കും ട്രൈബ്യൂണലിന്റെ മുഖ്യ (പ്രിൻസിപ്പൽ) ബെഞ്ച്. എല്ലാ സംസ്ഥാനങ്ങളിലും ബെഞ്ചുകളുണ്ടാകും. ജനസംഖ്യ, ഭൂപ്രകൃതി, ബിസിനസുകളുടെ ബാഹുല്യം എന്നിവ കണക്കിലെടുത്ത് സംസ്ഥാനങ്ങളിൽ ഒന്നിലേറെ ബെഞ്ചുകളുണ്ടാകാം. 4 അംഗങ്ങളായിരിക്കും ഒരു ബെഞ്ചിൽ. ഇതിൽ 2 ജുഡീഷ്യൽ അംഗങ്ങളും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയുമായി 2 ടെക്നിക്കൽ അംഗങ്ങളും. 

വിദേശ യാത്രയ്ക്കുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകളും വിദേശത്തേക്ക് പണമയയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന്റെ (എൽആർഎസ്) പരിധിയിൽ വന്നേക്കും. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകി. ടിസിഎസ് (ടാക്സ് കലക്‌ഷൻ അറ്റ് സോഴ്സ്–സ്രോതസ്സിൽ നികുതി ശേഖരിക്കുക) ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം. ‌‌വിദേശയാത്രകൾക്കുള്ള ടിസിഎസ് 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ബജറ്റിൽ ഉയർത്തിയിരുന്നു.

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ ആകർഷകത്വം കുറയുന്നു
കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ടു സുപ്രധാന ഭേദഗതിയാണ് 2023 ലെ ധന ബില്ലിൽ വന്നിരിക്കുന്നത്. മൂന്നു വർഷത്തിൽ കൂടുതൽ കാലാവധിയിലേക്ക് നിക്ഷേപിക്കപ്പെട്ട പണം പിൻവലിക്കുമ്പോൾ ഇൻഡക്സേഷൻ ആനുകൂല്യത്തോടെ ലാഭത്തിന്റെ 20% നികുതി അടച്ചാൽ മതിയെന്ന നിയമം മാറുകയാണ്. കാലങ്ങളായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കുണ്ടായിരുന്ന ആകർഷകത്വമാണ് ഇതോടെ നഷ്ടമാകുന്നത്.

ഡെറ്റ് ഫണ്ടുകളിലെ നിലവിലെ നികുതി നിയമം ഇപ്രകാരം

ഷോർട് ടേം ക്യാപ്പിറ്റൽ ഗെയിൻ: നിക്ഷേപം നടത്തി മൂന്നു വർഷത്തിനകം പിൻവലിക്കുകയാണെങ്കിൽ, ലാഭമായി ലഭിക്കുന്ന തുകയ്ക്ക് നിക്ഷേപകർ ഉൾപ്പെടുന്ന ടാക്സ് സ്‌ലാബ് അടിസ്ഥാനമാക്കി നികുതി ചുമത്തുന്നു.ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻ: നിക്ഷേപം 3 വർഷത്തിനു മുകളിലാണെങ്കിൽ, അതു വിറ്റുമാറുമ്പോൾ ലാഭമായി ലഭിച്ച തുക കണക്കാക്കുന്നതിനായി ഇൻഡക്സേഷൻ പ്രക്രിയയ്ക്കു വിധേയമാക്കി, 20% നിരക്കിൽ നികുതി ചുമത്തുന്നു.

പണം എല്ലായ്പ്പോഴും മൂല്യശോഷണത്തിന് വിധേയമാണ്. നിക്ഷേപത്തിനായി മുടക്കിയ തുകയ്ക്ക് മേൽ പണപ്പെരുപ്പം ഉണ്ടാക്കുന്ന സ്വാധീനം കണക്കാക്കി പ്രസ്തുത തുകയെ നിക്ഷേപം വിറ്റുമാറുമ്പോഴുള്ള നിലവിലെ മൂല്യത്തിലേക്കു കൊണ്ടുവരാനായാണ് ഇൻഡക്സേഷൻ നടത്തുന്നത്. ഇതിന്റെ ഫലമായി നിക്ഷേപത്തിനായി മുടക്കിയ തുക ഉയരുകയും സ്വാഭാവികമായി നികുതി ബാധ്യതയുള്ള ലാഭത്തിന്റെ തുക താഴുകയും ചെയ്യുന്നു.

ഉദാഹരണമായി: 2015ൽ ഒരാൾ 5 ലക്ഷം രൂപയുടെ ഡെറ്റ് ഫണ്ടിൽ നിക്ഷേപം നടത്തിയെന്നു കരുതുക. 2023ൽ അദ്ദേഹത്തിന് അതിൽനിന്ന് 3 ലക്ഷം രൂപ ലാഭം ലഭിക്കുന്നുവെന്നും കരുതാം. ആകെ എട്ടുലക്ഷം രൂപ അദ്ദേഹം പിൻവലിക്കാൻ തീരുമാനിക്കുന്നു. ആ സമയത്ത് അദ്ദേഹം 2015ൽ മുടക്കിയ 5 ലക്ഷം രൂപയെ ഇൻഡക്സേഷന് വിധേയമാക്കും. പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ ആ അഞ്ചു ലക്ഷത്തിന് 2023ൽ 6.50 ലക്ഷം രൂപ മൂല്യമുള്ളതായി കണക്കാക്കുമെന്നു കരുതുക. ബാക്കി 1.50 ലക്ഷം രൂപയ്ക്കു മാത്രം 20 ശതമാനം നികുതി നൽകേണ്ട ബാധ്യതയേ പിന്നീട് നിക്ഷേപകന് ഉള്ളു. ഈ ഇൻഡക്സേഷൻ ആനുകൂല്യമാണ് എടുത്തുകളയുന്നത്. 

പുതിയ ഫിനാൻസ് ബില്ലിലെ ഭേദഗതി

ആകെ നിക്ഷേപത്തിന്റെ 35 ശതമാനത്തിൽ കവിയാത്ത ഇക്വിറ്റി പ്രാതിനിധ്യമുള്ള സ്കീമുകളിൽ (ഡെറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ മുതലായവ) ഏപ്രിൽ 1 മുതൽ ലോങ് ടേം എന്നോ, ഷോർട് ടേം എന്നോ ഉള്ള ക്യാപ്പിറ്റൽ ഗെയിൻ വേർതിരിവില്ല. ലഭിക്കുന്ന ലാഭത്തിൻമേൽ ഇഡക്സേഷൻ ആനുകൂല്യമില്ലാതെ നിക്ഷേപകർ ഉൾപ്പെടുന്ന ടാക്സ് സ്ലാബ് ഏതാണോ, പ്രസ്തുത സ്ലാബിൽ തന്നെ നികുതി അടയ്ക്കേണ്ടതായി വരും. ചുരുക്കത്തിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേതിനു സമാനമായ നികുതി ഘടന ഡെറ്റ് ഫണ്ടുകൾക്കും ബാധകമാകുമെന്നർഥം. ഓഹരികൾക്ക് പ്രാമുഖ്യം കുറവായ നിക്ഷേപങ്ങളായ ഗോൾ ഫണ്ടുകൾ, ഇന്റർനാഷനൽ ഫണ്ടുകൾ, ഫണ്ടോ ഓഫ് ഫണ്ടുകൾ മുതലായവയ്ക്കെല്ലാം പുതിയ നിയമം ബാധകമാണെന്നാണ് അറിയുന്നത്.

2023 മാർച്ച് 31 വരെ നിക്ഷേപകർക്ക് ഇൻഡക്സേഷൻ ആനുകൂല്യത്തോടു കൂടിയ ഡെറ്റ് നിക്ഷേപങ്ങൾ തിര‍ഞ്ഞെടുക്കാമെന്നും പുതിയ ബില്ലിൽ പറയുന്നു. ഇന്ത്യയിൽ ആകെ ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ ആസ്തി ഏതാണ്ട് 13 ലക്ഷം കോടി രൂപയാണെന്നാണു കണക്ക്. മാറിയ നികുതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഈ ആസ്തികളിൽ ചലനമുണ്ടാകുമോ എന്നതും ഉറ്റുനോക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com