ADVERTISEMENT

ന്യൂഡൽഹി∙ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന കാർബൺ ക്രെഡിറ്റ് വിപണി ഇക്കൊല്ലം ഇന്ത്യ തുറക്കും. ഇതുസംബന്ധിച്ച കരടു ചട്ടത്തിന്മേൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിനായിരിക്കും വിപണിയുടെ ചുമതല. പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ 13 അംഗ ഗവേണിങ് ബോഡിയുമുണ്ടാകും. കാർബൺ വിപണിയുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് 'അക്രഡിറ്റഡ് കാർബൺ വെരിഫയർ' സ്ഥാപനങ്ങളും നിലവിൽ വരും.

കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ്

അനുവദനീയമായ പരിധിക്കും മുകളിൽ കമ്പനികൾ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനുള്ള സംവിധാനമാണ് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ്. ഹരിതോർജ മാർഗങ്ങൾ നടപ്പാക്കുന്ന കമ്പനികൾക്ക് കൂടുതൽ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. അനുവദനീയമായ പരിധിക്കപ്പുറത്ത് ഒരു കമ്പനിക്ക് കാർബൺ പുറന്തള്ളണമെങ്കിൽ അതിന് തതുല്യമായ കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

ഇത്തരം കമ്പനികൾ കാർബൺ ക്രെഡിറ്റ് ഉള്ള കമ്പനികളിൽ നിന്ന് (കാർബൺ ക്രെഡിറ്റ് വിപണി) വലിയ വില കൊടുത്തു സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരും. ഇതിനു ചെലവേറുമെന്നതിനാൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിക്കും. അതേസമയം, വൻകിട കമ്പനികൾ പണം നൽകി തോന്നുംപടി കാർബൺ തള്ളുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

ആർക്കൊക്കെ?

വൻകിട സ്ഥാപനങ്ങൾ പലതും നിർബന്ധമായും കാർബൺ വിപണിയുടെ ഭാഗമാകുമെന്നാണ് കരടുചട്ടം നൽകുന്ന സൂചന. ഇതിനു പുറമേ മറ്റേതു സ്ഥാപനങ്ങൾക്കും സ്വമേധയാ ഇതിൽ റജിസ്റ്റർ ചെയ്ത് കാർബൺ ട്രേഡ് നടത്താനും അവസരമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com