ADVERTISEMENT

ന്യൂ‍ഡൽഹി∙ രാജ്യതലസ്ഥാനത്ത് ടെലികോം വകുപ്പ് സജ്ജമാക്കിയ അത്യാധുനിക സുരക്ഷയുള്ള ആശയവിനിമയ സംവിധാനം ഹാക്ക് ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ വീതം സമ്മാനമായി നൽകാൻ കേന്ദ്രത്തിന്റെ ചാലഞ്ച് വരുന്നു. ടെലികോം വകുപ്പിന്റെ ആസ്ഥാനമായ സഞ്ചാർ ഭവൻ കെട്ടിടവും നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററുള്ള (എൻഐസി) സിജിഒ കോംപ്ലക്സും തമ്മിലുള്ള 'ക്വാണ്ടം സെക്യുർ കമ്യൂണിക്കേഷൻ' ചാനൽ ഭേദിക്കുന്നവർക്കാണ് പ്രതിഫലം. ചാലഞ്ച് ഔദ്യോഗികമായി ഉടൻ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനത്തിന്റെ സുരക്ഷ പരിശോധിച്ചുറപ്പിക്കുകയാണ് ലക്ഷ്യം. രാജ്യമാകെ ഇത് വ്യാപിപ്പിക്കുന്നതിനു മുന്നോടിയായിട്ടാണ് ഹാക്കിങ് ചാലഞ്ച്. ഹാക്ക് ചെയ്യുന്നവർക്ക് സർക്കാരിന്റെ ക്വാണ്ടം അലയൻസിന്റെ ഭാഗമാകാനും കഴിയും.

എന്താണ് ക്വാണ്ടം സെക്യുർ സംവിധാനം?

സൂപ്പർ കംപ്യൂട്ടറുകളെ കടത്തിവെട്ടുന്ന വേഗമുള്ളവയാണ് ക്വാണ്ടം കംപ്യൂട്ടറുകൾ. ഇലക്ട്രോണുകൾ, ഫോട്ടോണുകൾ തുടങ്ങി ക്വാണ്ടം മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കുന്ന കണങ്ങളുടെ ഭൗതികനിയമങ്ങൾ ഉപയോഗിച്ചാണു ക്വാണ്ടം കംപ്യൂട്ടിങ് പ്രവർത്തിക്കുന്നത്. നിലവിൽ ഡിജിറ്റൽ ലോകത്തെ ആശയവിനിമയം സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന എൻക്രിപ്ഷൻ രീതികൾ തകർക്കാൻ ശേഷിയുള്ളതാണ് ഈ കംപ്യൂട്ടറുകൾ. 

സൈനിക,ആരോഗ്യ രംഗത്തടക്കം എൻക്രിപ്ഷൻ ഭേദിച്ച് ഹാക്കർമാർക്ക് ഡേറ്റ ചോർത്താനായൽ വലിയ പ്രത്യാഘാതമുണ്ടാക്കും. അതുകൊണ്ട് ക്വാണ്ടം കംപ്യൂട്ടിങ്ങിനെ നേരിടാൻ ശേഷിയുള്ള പുതുതലമുറ ആശയവിനിമയ സംവിധാനമാണ് ക്വാണ്ടം സെക്യുർ കമ്യൂണിക്കേഷൻ. ഇത്തരമൊരു സംവിധാനത്തിന്റെ സുരക്ഷാ പരിശോധനയ്ക്കാണ് ചാലഞ്ചിലൂടെ സർക്കാർ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com