കൊച്ചി∙ കേരളത്തെ ആഡംബര വിവാഹ കേന്ദ്രമാക്കുകയെന്ന ടൂറിസം വകുപ്പിന്റെ സ്വപ്നങ്ങൾക്കു തടസ്സമായി സംസ്ഥാനത്തെ കർശന നിയമങ്ങൾ. ആഡംബര വിവാഹ കേന്ദ്രമെന്ന നിലയിൽ കേരളത്തെ അവതരിപ്പിച്ച് വൻ പ്രചാരണ പരിപാടികൾക്ക് വകുപ്പ് ഒരുങ്ങുകയാണെങ്കിലും, പല വിവാഹങ്ങളും കടുത്ത നിയന്ത്രണങ്ങൾ അറിയുമ്പോൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ 5% പോലും കേരളത്തിലേക്കെത്തുന്നില്ല.
പ്രചാരണത്തിന് 1.75 കോടിയാണു വകുപ്പ് നീക്കിവച്ചിരിക്കുന്നത്. ജയ്പൂരും ഉദയ്പൂരും ഗോവയും മഹാബലിപുരവുമൊക്കെ വിവാഹ ഡെസ്റ്റിനേഷനുകളായി വളരുമ്പോൾ കേരള ടൂറിസം നോക്കി നിൽക്കേണ്ട അവസ്ഥയിലാണ്. കേരളത്തെ അനാകർഷകമാക്കുന്നതിൽ നോക്കുകൂലിയും മദ്യനയവും മുതൽ വെടിക്കെട്ട് നിയന്ത്രണം വരെയുണ്ട്. വിവാഹം നടക്കുന്ന ഇടങ്ങളിൽ മദ്യനയത്തിൽ ഇളവുവേണമെന്നതുൾപ്പെടെയാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
ഡ്രോൺ ക്യാമറകൾക്കുള്ള നിയന്ത്രണവും വിവാഹ പാർട്ടികളെ പിന്നോട്ടുവലിക്കുന്നു. ഇത്തരം വിവാഹങ്ങളിൽ 50 പേർ മുതൽ 500 പേർ വരെ പങ്കെടുക്കാറുണ്ട്. വള്ളംകളിക്കും സാംസ്കാരിക പരിപാടികൾക്കുമായി ഒട്ടേറെ കലാകാരൻമാർക്കും തുഴച്ചിൽക്കാർക്കും വരുമാനം ലഭിക്കുന്നു. 3 ദിവസം നീളുന്ന വിവാഹ ആഘോഷങ്ങൾക്കായി കോടികൾ ചെലവും അതിൽ 18% ജിഎസ്ടിയും ഉള്ളതിനാൽ സംസ്ഥാനത്തിനാകെ നേട്ടമാണ്.
പ്രധാന പ്രശ്നങ്ങൾ:
1. വിമാന കണക്ടിവിറ്റി: പ്രമുഖ നഗരങ്ങളിൽ നിന്നു കേരളത്തിലേക്കു നേരിട്ടു വിമാന സർവീസുകളുണ്ടെങ്കിലും പുണെ, അഹമ്മദാബാദ്, നാഗ്പുർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഇല്ല. പല വിമാനം മാറിക്കയറി വരുമ്പോൾ ഒരു ദിവസം തന്നെ നഷ്ടമാവുന്നു.
2. നോക്കുകൂലി: അലങ്കാരങ്ങളും മറ്റുമായി വരുന്ന ഓരോ ലോറിയും ഹോട്ടലിലേക്കു കയറുന്നത് എണ്ണി നോക്കി നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമുണ്ട്. കണ്ടെയ്നർ ലോറിക്ക് 18000 രൂപയും ചെറിയ ലോറിക്ക് 8000 രൂപയും നോക്കുകൂലി ചോദിക്കുന്നു. ഓരോ വിവാഹത്തിനും ഈയിനത്തിൽ ലക്ഷങ്ങൾ കൂടുതൽ ചെലവാകും.
3. വെടിക്കെട്ട്: ചൈനീസ് പടക്കങ്ങൾ ഉപയോഗിച്ചുള്ള ചെറിയ വെടിക്കെട്ട് നടത്താൻ അനുമതിക്കായി മാസങ്ങൾ കാത്തിരിക്കണം. ഹോട്ടലിലോ റിസോർട്ടിലോ നടത്താൻ കഴിയാത്തതിനാൽ കായലിൽ ദൂരെ ജങ്കാറിൽ വെടിക്കെട്ട് നടത്തേണ്ട സ്ഥിതിയാണ്.