ഗൂഗിളിന് തിരിച്ചടി: 1,337 കോടി പിഴ അടയ്ക്കണമെന്ന് എൻസിഎൽഎടി

Google Logo | Photo: AFP
Google Logo ( Photo: AFP)
SHARE

ന്യൂഡൽഹി∙ ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തിയത് ശരിവച്ച് നാഷനൽ കമ്പനി നിയമ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി). ഗൂഗിളിന് തിരിച്ചടിയാണ് തീരുമാനം. പിഴത്തുക 30 ദിവസത്തിനകം കെട്ടിവയ്ക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. 10% തുക നിലവിൽ ഗൂഗിൾ അടച്ചിട്ടുണ്ട്. അതേസമയം ഗൂഗിളിന് നേരിയ ആശ്വാസമേകി സിസിഐ ഉത്തരവിലെ ചില സാങ്കേതിക വ്യവസ്ഥകൾ ട്രൈബ്യൂണൽ ഒഴിവാക്കി നൽകി.

സിസിഐയുടെ നടപടിയിൽ സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായതായി വിലയിരുത്താനാവില്ലെന്നും നിരീക്ഷിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് സിസിഐ കഴിഞ്ഞ ഒക്ടോബറിൽ പിഴയിട്ടത്. ഇന്ത്യയിൽ ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്. വിഷയത്തിൽ സുപ്രീം കോടതിയെയും ഗൂഗിൾ സമീപിച്ചിരുന്നു. 

എന്നാൽ സിസിഐയുടെ നടപടി സ്റ്റേ ചെയ്തില്ല. പകരം കമ്പനി നിയമ അപ്‍ലറ്റ് ട്രൈബ്യൂണലിനോട് തീരുമാനം എടുക്കാൻ നിർദേശിക്കുകയായിരുന്നു. ആൻഡ്രോയ്ഡ് ഉപയോഗത്തിൽ ഉപയോക്താക്കളുടെ സുരക്ഷ, സ്മാർട്ഫോണുകളുടെ വിലവർധന അടക്കം ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ സിസിഐ ഉത്തരവിനെ ചോദ്യം ചെയ്തത്. ഉത്തരവിലെ പല ഭാഗങ്ങളും യൂറോപ്യൻ യൂണിയന്റെ 2018ലെ സമാനമായ ഉത്തരവിൽ നിന്ന് പകർത്തിയതാണെന്ന വാദം വരെ ഗൂഗിൾ ഉയർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA