ADVERTISEMENT

കണ്ണൂർ∙ എച്ച്‌യുഐഡി (യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ) പതിക്കാത്ത ആഭരണങ്ങൾ വിൽക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമ്പോഴും ആശയക്കുഴപ്പം മാറാതെ സ്വർണ വ്യാപാരികൾ. പഴയ ഗുണമേന്മാ മുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങൾ ഇപ്പോഴും സംസ്ഥാനത്തെ വ്യാപാരികളുടെ പക്കൽ സ്റ്റോക്കുണ്ട്. ഇവ നാളെ മുതൽ വിൽക്കാനാവില്ല. 

ഇവയിലുള്ള മുദ്ര മായ്ച്ചുകളഞ്ഞ് എച്ച്‌യുഐഡി പതിപ്പിക്കുമ്പോൾ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. പഴയ ഹാൾമാർക്കിനൊപ്പം എച്ച്‌യുഐഡി കൂടി പതിപ്പിച്ച് വിൽക്കാനാകുമോയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറിയോട് വ്യാപാരികൾ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം സ്റ്റോക്കിന്റെ കണക്കു വെളിപ്പെടുത്തിയ കടകൾക്കു മാത്രം ബിഐഎസ് കൂടുതൽ സമയം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. സാവകാശം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ  കരിദിനം ആചരിക്കും.

പഴയസ്വർണം വിറ്റുകഴിഞ്ഞില്ല

കേന്ദ്രം അനുവദിച്ച 2 വർഷത്തെ സമയപരിധിയിൽ പഴയ ഹാൾമാർക്കുള്ള സ്വർണാഭരണങ്ങൾ വിറ്റുതീർ‌ത്തുവെന്നാണ് ബിഐഎസിന്റെ വിലയിരുത്തൽ. എന്നാൽ ഏറ്റവുമധികം ഹാൾമാർക്കിങ് സെന്ററുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ മാത്രം ഇനിയും ഏതാണ്ട് 50 ശതമാനത്തോളം ആഭരണങ്ങൾ ഈ മുദ്രകളുള്ളവയാണ്. എച്ച്‌യുഐഡി കൊണ്ടു വന്നതിനുശേഷം ഉപയോക്താക്കൾ പുതിയ മുദ്രയുള്ള ആഭരണങ്ങൾ ചോദിച്ചുവാങ്ങുന്നതും ഇതിനു കാരണമായി. അതേസമയം, നിലവിലുള്ള സ്റ്റോക്ക് വെളിപ്പെടുത്തിയ 16,000 കടകളുടെ കണക്കു പരിശോധിച്ചാണ് ബിഐഎസിന്റെ ഈ അനുമാനം.

കണക്കു വെളിപ്പെടുത്തിയവർക്ക് മാത്രം സാവകാശം ലഭിച്ചേക്കും

എച്ച്‌യുഐഡിയിലേക്കു മാറ്റാനുള്ള ആഭരണങ്ങളുടെ കണക്കു വെളിപ്പെടുത്തിയ സ്വർണക്കടകൾക്കു മാത്രം സാവകാശം ലഭിച്ചേക്കുമെന്നു സൂചന. പഴയ ഹാൾമാർക്കിങ്ങുള്ള ആഭരണങ്ങളുടെ കണക്കു സമർപ്പിക്കാൻ ബിഐഎസ് 2021 ഓഗസ്റ്റ് 31 വരെ സമയം നൽകിയിരുന്നു. അന്ന് ഡിക്ലറേഷൻ നൽകിയവർക്കു മാത്രമാകും സാവകാശം ലഭിക്കുക. 16000 കടകൾ മാത്രമാണ് സ്റ്റോക്കിന്റെ കണക്ക് ബിഐഎസിനു നൽകിയത്. നിലവിൽ 1,57,000 വ്യാപാര സ്ഥാപനങ്ങളാണ് ബിഐഎസ് ലൈസൻസ് എടുത്തിട്ടുള്ളത്. 

എച്ച്‌യുഐഡി പ്രാബല്യത്തിൽ വരുമ്പോൾ കേരളത്തിൽ 2800 സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നത്. ഇവയിൽ ഡിക്ലറേഷൻ നൽകിയ ജ്വല്ലറികൾക്കു മാത്രമാകും ആനുകൂല്യം ലഭിക്കുക. നിലവിൽ കേരളത്തിൽ 6200 സ്ഥാപനങ്ങൾക്ക് ബിഐഎസ് ലൈസൻസ് ഉണ്ട്. കണക്കുവെളിപ്പെടുത്താനുള്ള സമയം അവസാനിച്ചതിനുശേഷം ലൈസൻസ് എടുത്ത സ്ഥാപനങ്ങളാണ് ഭൂരിഭാഗമെന്നും കൂടുതൽ സാവകാശം അനുവദിക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു.

2 –5 മില്ലിഗ്രാം നഷ്ടം

നിലവിലെ മുദ്ര മായ്ച്ചുകളഞ്ഞ് പുതിയതു പതിപ്പിക്കുമ്പോൾ ഓരോ ആഭരണത്തിലും 2 മുതൽ 5 മില്ലിഗ്രാം വരെ സ്വർണത്തിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇത്തരത്തിൽ 1000 ആഭരണങ്ങൾ പുതിയ ഹാൾമാർക്കിലേക്കു മാറ്റുമ്പോൾ 2 മുതൽ 5 ഗ്രാം വരെയാണു നഷ്ടം. രണ്ടു ഹാൾമാർക്കുമുള്ള ആഭരണം വിൽക്കാനാകുമെങ്കിൽ അത് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തിൽ മന്ത്രാലയമോ ബിഐഎസോ ഔദ്യോഗികമായി ഉത്തരവിറക്കുകയും വേണം. നിയമം പ്രാബല്യത്തിലാകാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com