വോലറ്റ് വഴിയുള്ള യുപിഐ ഇടപാട്: തൽക്കാലം ആശ്വാസം

HIGHLIGHTS
  • യുപിഐ ഇടപാട്: ഉപയോക്താക്കൾക്ക് തൽക്കാലം ബാധ്യതയില്ല
FILES-US-TECH-LAYOFFS-GOOGLE
SHARE

ന്യൂഡൽഹി∙ 2,000 രൂപയ്ക്കു മുകളിലുള്ള വോലറ്റ് യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ 1.1% അധിക ചാർജ് ബാധകമാകുമ്പോൾ ഉപയോക്താക്കൾക്ക് തൽക്കാലം ആശ്വസിക്കാം.  ഗൂഗിൾ പേ പോലെയുള്ള യുപിഐ ഇടപാട് സൗജന്യമാണെങ്കിലും, 2,000 രൂപയ്ക്കു മുകളിൽ വോലറ്റുകളിൽ നിന്നുള്ള ഇടപാടിന് 1.1% ഇന്റർചേഞ്ച് ചാർജുണ്ടാകും. അധിക തുക പണം സ്വീകരിക്കുന്ന വ്യാപാരസ്ഥാപനത്തിന്റെ ബാധ്യതയാകാമെങ്കിലും, ക്രമേണ ഇതിന്റെ ഭാരം ഉപയോക്താവിലേക്കെത്താം.  

∙ ഗൂഗിൾ പേയിലെ ഇടപാടുകൾക്ക് ചാർജുണ്ടോ?

ഇല്ല, ഗൂഗിൾ പേയ്ക്ക് വോലറ്റ് ഇല്ലാത്തതിനാൽ പുതിയ ചാർജ് ബാധകമല്ല. ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം അയയ്ക്കുന്ന എല്ലാ യുപിഐ ഇടപാടുകളും (ഏത് തുകയും) സൗജന്യമാണ്. 

∙ ഏതിനാണ് ചാർജ്?

പേയ്ടിഎം, ഫോൺപേ, ആമസോൺ പേ, എയർടെൽ മണി തുടങ്ങിയവയിൽ സാധാരണ യുപിഐയും (ബാങ്ക് അക്കൗണ്ട് ബന്ധിതം) വോലറ്റുമുണ്ട്. ഇതിൽ വോലറ്റുകളിലെ പണം (2,000 രൂപയ്ക്കു മുകളിൽ) യുപിഐ ക്യുആർ കോ‍ഡ്, യുപിഐ ഐഡി വഴി വ്യാപാരികൾക്ക് നൽകുമ്പോഴാണ് ചാർജ്.

∙ എങ്ങനെയാണ് ചാർജ്?

ബാങ്ക് അക്കൗണ്ട് ബന്ധിത യുപിഐക്കു പുറമേയുള്ള വോലറ്റുകൾക്കാണ് ബാധകം. ഒരു കമ്പനി/ബാങ്ക് എന്നിവയിൽ നിന്ന് മറ്റൊന്നിലേക്ക് അയയ്ക്കുന്നതിനാണ് 1.1% ഇന്റർചേഞ്ച് ചാർജ്. ഉദാഹരണത്തിന് പേയ്ടിഎം വോലറ്റിൽ (യുപിഐ അല്ല) നിന്ന് ഒരു വ്യാപാരിയുടെ ക്യുആർ കോഡിലേക്ക് 5,000 രൂപ അയച്ചാൽ സ്വീകരിക്കുന്നയാളുടെ ബാങ്ക് അല്ലെങ്കിൽ ആപ് പേയ്ടിഎമ്മിന് 55 രൂപ (1.1%) ഇന്റർചേഞ്ച് ചാർജ് നൽകണം. 5,000 സ്വീകരിച്ച വ്യാപാരിയിൽ നിന്ന് ഈ തുക ഈടാക്കണോ വേണ്ടയോ എന്നത് ആ ബാങ്കിനോ ആപ്പിനോ തീരുമാനിക്കാം. വ്യാപാരിയിൽ നിന്ന് തന്നെ ഇത് ഈടാക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇതിന്റെ ഭാരം കാലക്രമത്തിൽ ഉപയോക്താവിലേക്കെത്താം. 

∙ 2,000 രൂപയ്ക്കു മുകളിലുള്ള തുക വോലറ്റിൽ ചേർക്കുന്നതിന് ചാർജുണ്ടോ?

ഉദാഹരണത്തിന് എസ്ബിഐ അക്കൗണ്ടിൽ നിന്ന് യുപിഐ വഴി നിങ്ങളുടെ പേയ്ടിഎം വോലറ്റിൽ 5,000 രൂപ ലോഡ് ചെയ്താൽ ഇതിന്റെ 0.15 ശതമാനമായ 7.5 രൂപ പേയ്ടിഎം എസ്ബിഐക്ക് കാർഡ് ലോഡിങ് ചാർജായി നൽകണം. ഈ 7.5 രൂപ നിങ്ങളിൽ നിന്ന് ഈടാക്കണോയെന്നത് പേയ്ടിഎമ്മിന്റെ തീരുമാനമാണ്. തിരിച്ച് പേയ്ടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരു കമ്പനിയുടെ വോലറ്റിലേക്ക് പണം നിറച്ചാൽ ആ കമ്പനിയിൽ നിന്ന് പേയ്ടിഎമ്മിന് 0.15% തുക ലഭിക്കും. 

∙ ഫാസ്ടാഗിനും മറ്റുമായി 2,000 രൂപയ്ക്കു മുകളിൽ വോലറ്റിൽ ലോഡ് ചെയ്യുന്നതിന് ഭാവിയിൽ ചാർജ് നൽകേണ്ടി വരുമോ?

വോലറ്റ് ലോഡിങ് ചാർജായ 0.15% വോലറ്റ് കമ്പനി ഉപയോക്താവിൽ നിന്ന് ഈടാക്കുമോയെന്നതിനെ ആശ്രയിച്ചിരിക്കും.

∙ ഭാവിയിൽ യുപിഐ ഇടപാടിന് ചാർജ് വരുമോ?

വ്യാപാരികൾക്ക് നൽകുന്ന ഉയർന്ന തുകയ്ക്ക് ചാർജ് ഭാവിയിൽ വരാനിടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം. എന്നാൽ യുപിഐ സൗജന്യമായിരിക്കുമെന്നാണ് സർക്കാരിന്റ നിലപാട്. 2020ൽ നടപ്പാക്കിയ യുപിഐ സീറോ–ചാർജ് രീതി നിർത്തലാക്കുകയോ നഷ്ടം പൂർണമായി നികത്തുന്നതിനായി 4,000 കോടി അനുവദിക്കുകയോ ചെയ്യണമെന്നാണ് പണമിടപാട് കമ്പനികളുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.