ADVERTISEMENT

കൊച്ചി ∙ 2024 മാർച്ച് 31 വരെ നീളുന്ന പുതിയ സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കം. ഈ കാലയളവിൽ സാമ്പത്തിക രംഗത്തു പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ഏറെയാണ്. അപ്രതീക്ഷിത സംഭവവികാസങ്ങളൊന്നും നേരിടേണ്ടി വരുന്നില്ലെങ്കിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌ വ്യവസ്‌ഥ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് ഈ മാറ്റങ്ങളും സഹായകമാകും.

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കു പോകുന്നതിനു തൊട്ടു മുൻപുള്ള സാമ്പത്തിക വർഷം എന്ന പ്രത്യേകതയ്‌ക്കു കൂടിയാണ് ഇന്നു തുടക്കമാകുന്നത്. മൂന്നാമൂഴം ലക്ഷ്യമിടുന്ന മോദി സർക്കാർ സമ്പദ്‌ വ്യവസ്‌ഥയെ ഉത്തേജിപ്പിക്കാനുതകുന്ന സാഹചര്യമൊരുക്കുന്നതിനു പരമാവധി ശ്രമിക്കുമെന്നുറപ്പ്. അക്കാരണത്താൽത്തന്നെ സൗജന്യങ്ങളുടെയും സബ്‌സിഡികളുടെയും തുടർച്ച ഉറപ്പാണ്. അതേസമയം, പണപ്പെരുപ്പവും അതിന്റെ ഉപോൽപന്നമായ വിലക്കയറ്റവും നിയന്ത്രിക്കുന്നതിനുതകുന്ന നടപടികളും പ്രതീക്ഷിക്കാം.

കാലവർഷം നിർണായകം

വളരെ ഉയർന്ന നിലവാരത്തിൽ തുടരുന്ന നാണ്യപ്പെരുപ്പ നിരക്കു കുറയ്‌ക്കാൻ നടപടികളുണ്ടാകുമെങ്കിലും അതിന്റെ വിജയം വലിയൊരളവിൽ തെക്കു പടിഞ്ഞാറൻ കാലവർഷത്തെ ആശ്രയിച്ചായിരിക്കും.  മഴ കുറഞ്ഞാൽ ഭക്ഷ്യോൽപന്ന വിലകൾ വീണ്ടും കുതിച്ചുയരുകയും അതു  പൊതു വിലക്കയറ്റമായി മാറുകയും ചെയ്യും.

ഒരിക്കൽ ഒൻപതു ശതമാനത്തിനപ്പുറത്തേക്കു വരെ വളർന്ന സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക് ഇന്ന് അതിനുള്ള ത്രാണിയൊന്നുമില്ല. ആദ്യ ത്രൈമാസത്തിൽ 7.8% വളർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാർഷിക വളർച്ച 6.4 ശതമാനമായിരിക്കുമെന്ന പ്രതീക്ഷയാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത്.  ലോക ബാങ്കിന്റെ അനുമാനം 6.6 ശതമാനമാണ്. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) 6.5% വളർച്ച പ്രതീക്ഷിക്കുന്നു. ഘടനാപരമായ നയം മാറ്റങ്ങളിലൂടെയും ധനപരമായ പരിഷ്‌കാരങ്ങളിലൂടെയും വളർച്ചയുടെ അളവു മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.

ധന കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കുറയ്‌ക്കാൻ നടപടികളുണ്ടായേക്കും. എന്നാൽ ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തിൽ സന്ദേഹമുണ്ട്. അസംസ്‌കൃത എണ്ണയുടെ വില വളരെ കുറഞ്ഞ തോതിൽ തുടരുന്നതിന്റെ മെച്ചം ഇപ്പോൾ രാജ്യം അനുഭവിക്കുന്നുണ്ട്. പുതിയ സാമ്പത്തിക വർഷത്തിലും ഈ മെച്ചം തുടരുമെന്ന പ്രതീക്ഷയാണുള്ളത്.

രൂപ  കരുത്ത് നേടും 

സ്‌ഥിരമായ വിനിമയ നിരക്ക് എന്നത് ഏതു കറൻസിയുടെ കാര്യത്തിലും അസാധ്യമാണെന്നിരിക്കെ രൂപയുടെ കാര്യത്തിലും സ്‌ഥിരത പ്രതീക്ഷിക്കാനാവില്ല. എന്നാൽ രൂപ കൂടുതൽ ദുർബലമാകാനുള്ള സാധ്യത കുറവാണെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നു മാത്രമല്ല രൂപ കരുത്തു വീണ്ടെടുക്കാനുള്ള സാധ്യത ശക്‌തമാണ്. നിക്ഷേപരംഗത്തു വലിയ തോതിലുള്ള മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്. അതിനാൽ വിദേശ മൂലധന നിക്ഷേപ വർധന ലക്ഷ്യമിട്ടുള്ള കൂടുതൽ നടപടികളുണ്ടാവാം

പലിശ നിരക്ക് കുറയും

ബാങ്കിങ് മേലയിലെ കിട്ടാക്കടത്തിന്റെ അളവ് അതിശയകരമായ തോതിൽത്തന്നെ കുറഞ്ഞിരിക്കുന്നു. ഇതു തൃപ്‌തികരമായ നിലയിലേക്ക് എത്താൻ വൈകില്ല. പലിശ നിരക്കുകൾ കുറയാനാണു സാധ്യത. ഇതു വായ്‌പ വളർച്ച വർധിപ്പിക്കും. ബാങ്കിങ് വ്യവസായത്തിനു പുതിയ സാമ്പത്തിക വർഷം മികച്ച മുന്നേറ്റത്തിന്റേതായിരിക്കുമെന്നാണു പൊതുവായ നിരീക്ഷണം. ജിഎസ്‌ടി നിരക്കുകളിൽ യുക്‌തിസഹമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ചില സംസ്‌ഥാനങ്ങളുടെ നിലപാടാണു വെല്ലുവിളി.

ഓഹരി വിപണിക്കും പ്രതീക്ഷ

മൂലധന വിപണിയിലേക്കു കൂടുതൽ കമ്പനികൾ എത്തിയേക്കുമെന്നു കരുതുന്നു. ഒഴിഞ്ഞു നിൽക്കുന്ന വിദേശ ധനസ്‌ഥാപനങ്ങൾ വലിയ തോതിൽത്തന്നെ ഓഹരി വിപണിയിലേക്കു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷ. ഓഹരി വില സൂചികകൾ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയുണ്ട്.

എംപിസി യോഗം അടുത്ത ആഴ്‌ച 

സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസം പിന്നിടുന്നതോടെ ആർബിഐയിൽ നിന്നു വായ്‌പ നിരക്കുകളിൽ ഇളവു പ്രതീക്ഷിക്കാം. പണ, വായ്‌പ നയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗം അടുത്ത ആഴ്‌ച ചേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com