ADVERTISEMENT

ന്യൂഡൽഹി∙ സ്മാർട് സിസിടിവി ക്യാമറ, വാഹന ട്രാക്കിങ് ഉപകരണം, വൈദ്യുത സ്മാർട് മീറ്റർ തുടങ്ങിയവയ്ക്ക് കേന്ദ്രം സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു. ഇവയുടെ ദുരുപയോഗം തടയാനാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നടപടി. ടെലികോം വകുപ്പിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ കമ്യൂണിക്കേഷൻ സെക്യൂരിറ്റിക്കാണ് മാർഗരേഖ (ഇന്ത്യൻ ടെലികോം സെക്യൂരിറ്റി അഷ്വറൻസ് റിക്വയർമെന്റ്സ്) തയാറാക്കുന്നതിനുള്ള ചുമതല.

വിഡിയോ പകർത്തുന്നതിനു പുറമേ വിഡിയോയിൽ വ്യക്തികളുടെ അനക്കം അടക്കമുള്ള സൂക്ഷ്മാംശങ്ങൾ വിലയിരുത്താൻ കഴിയുന്നവയാണ് സ്മാർട് ക്യാമറകൾ. വീടുകളിലും ഓഫിസുകളിലും വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയ ഉൽപന്നങ്ങൾ മിക്കതും ചൈനയിൽ നിന്നാണ് വിപണിയിലെത്തുന്നത്. ഇവയുടെ വിവരസുരക്ഷയിലടക്കം ആശങ്കയുണ്ടെന്നതിനാലാണ് നീക്കം.വെഹിക്കിൾ ട്രാക്കിങ് ഡിവൈസുകൾ വാഹനങ്ങളുടെ ലൊക്കേഷനു പുറമേ ഇന്ധനത്തിന്റെ തോത്, വാഹനത്തിന്റെ വേഗം അടക്കം സെർവറുകളിലേക്ക് അയയ്ക്കുന്നുണ്ട്.

കരട് മാനദണ്ഡങ്ങളിൽ ചിലത് (സ്മാർട് ക്യാമറ)

∙ ക്യാമറയ്ക്ക് അത് പകർത്തുന്ന ദൃശ്യങ്ങളിലെ ഏതൊക്കെ ചലനങ്ങൾ (ഉദാ:ഹ്യൂമൻ  ഡിറ്റക്ഷൻ, കുട്ടികൾ കരയുക) വിലയിരുത്താൻ കഴിയുമെന്ന കാര്യം നിർമാതാക്കൾ മുൻപേ അറിയിച്ചിരിക്കണം.

∙ ഉപയോക്താവിന്റെ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഫീച്ചറുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കിയിരിക്കണം.

∙ 13 വയസ്സിൽ താഴെയുള്ളവരുടെ വിവരങ്ങൾ മനഃപൂർവം ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്.

∙ ക്യാമറ ശൃംഖലയിലേക്ക് ആർക്കും അനധികൃതമായി കടന്നുകയറാൻ അവസരം നൽകരുത്. എൻഡ് ടു എൻ‍ഡ് എൻക്രിപ്ഷൻ ഉറപ്പാക്കണം.

∙ ക്യാമറയുടെ സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ ഇന്ത്യയിൽ നിന്നുള്ള സെർവറുകളിൽ നിന്നു തന്നെയായിരിക്കണം.

ക്യാമറയുടെ ആയുസ്സ് അവസാനിക്കും വരെ അപ്ഡേറ്റുകൾ നൽകണം.

∙ ഫോണിലെ കോണ്ടാക്ട്സ്, മൊബൈൽ ക്യാമറ, മൈക്രോഫോൺ തുടങ്ങിയ പ്രവർത്തിപ്പിക്കാനുള്ള പെർമിഷൻ അനാവശ്യമായി ചോദിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com