ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക മാന്ദ്യ ഭീഷണിയെത്തുടർന്ന് ടെക്നോപാർക്കിലെ ഏതാനും കമ്പനികളിലെ ജീവനക്കാർ തൊഴിൽ പ്രതിസന്ധി നേരിട്ടേക്കും. ചില കമ്പനികൾ  ഇവിടെ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നു. പ്രമുഖ ഐടി കമ്പനിയായ മക്കിൻസി 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു. ഈ മാസം അവസാനത്തോടെ ഇവർ ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. രാജി വയ്ക്കാൻ ജീവനക്കാർക്ക് ആറു മാസത്തെ സമയം നൽകി. ഏതാനും പേരെ  കേരളത്തിനു പുറത്തേക്കു മാറ്റാനും ആലോചിക്കുന്നു. ഇന്ത്യയിൽ തൽക്കാലം കേരളത്തിൽ മാത്രമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മധ്യനിരയിലും ഉയർന്ന തലത്തിലും പ്രവർത്തിക്കുന്ന മികച്ച പ്രതിഫലം കൈപ്പറ്റുന്ന പ്രഫഷനലുകളോടാണ് രാജി ആവശ്യപ്പെട്ടത്. 

കോവിഡ് കാലത്ത് മികച്ച ഐടി പ്രഫഷനലുകൾക്കു ക്ഷാമം നേരിട്ടതോടെ ഉയർന്ന ശമ്പളത്തിൽ കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. കോവിഡാനന്തരം സാമ്പത്തിക മാന്ദ്യ ഭീഷണി കൂടി എത്തിയതോടെയാണ് പിരിച്ചുവിടലും പ്രവർത്തനം അവസാനിപ്പിക്കലും.  30–40 പ്രായപരിധിയിൽപ്പെട്ടവർക്കാണ് പിരിച്ചുവിടൽ സാധ്യതയേറെ. ടെക്നോപാർക്ക് ഫെയ്സ്–3 ൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ആയിരത്തോളം പേർക്ക് തൊഴിൽ ഭീഷണിയുണ്ട്. നിലവിൽ 70,000 പേരാണ് 480 കമ്പനികളിലായി ഇവിടെ ജോലി ചെയ്യുന്നത്. 

ചെറിയ കമ്പനികളെ വലിയ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതും, പ്രോജക്ടുകളുടെ സ്വഭാവം മാറുന്നതും, ജീവനക്കാരുടെ കരാർ വ്യവസ്ഥകളിലുണ്ടായ മാറ്റങ്ങളുമാണ്  തൊഴിൽ നഷ്ടത്തിന് കാരണമാകുന്നതെന്ന് ടെക്നോപാർക്ക് മാനേജ്മെന്റ് വിലയിരുത്തുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. രാജ്യാന്തര തലത്തിൽ വൻകിട കമ്പനികളിൽ പിരിച്ചുവിടൽ വ്യാപകമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com