ADVERTISEMENT

പരമ്പരാഗത പണം പയറ്റ്, കുറിക്കല്യാണം തുടങ്ങിയ സംഭാവനകളെയും സഹായ അഭ്യർഥനകളെയും നൻമയോടെ സ്വീകരിക്കുന്ന മലയാളി, സമൂഹ മാധ്യമങ്ങളിലൂടെ അരങ്ങേറുന്ന സാമ്പത്തിക തട്ടിപ്പുകളിൽ എളുപ്പത്തിൽ ഇരകളാകുന്നു.  സമൂഹ മാധ്യമങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന് ആൾമാറാട്ടക്കാർ പ്രലോഭനങ്ങളും സഹാനുഭൂതിയും വേണ്ടുവോളം ചൊരിഞ്ഞ് കേരളത്തിൽ നിന്ന് പണം ചോർത്തി അപ്രത്യക്ഷരാകുന്നത് കൂടുകയാണ്. സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നവർക്ക് തട്ടിപ്പുകൾക്കെതിരെ സൈബർ ഇൻഷുറൻസ് പോളിസികൾ എടുത്ത് പരിരക്ഷ തേടാം.

പണം തട്ടാൻ ഓരോരോ കാരണങ്ങൾ

സർക്കാർ മേഖലകളിൽ ജോലി വാഗ്ദാനം, നിരസിക്കാൻ പറ്റാത്ത ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ, കാലഹരണപ്പെടാൻ പോകുന്ന ബാങ്ക് അക്കൗണ്ടുകൾ ശരിയാക്കൽ, പാൻ കാർഡും ക്രെഡിറ്റ് കാർഡുകളും ഇനിയൊരിക്കലും ലഭിക്കാനാകാത്ത വിധം റദ്ദായി പോകുന്നത് തടയൽ തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് പണം തട്ടുന്നത്. 

വീട്ടിലിരുന്ന് പണമുണ്ടാക്കാം, ദിവസം ആയിരം മുതൽ അയ്യായിരം വരെ ശമ്പളം വാങ്ങാം എന്നിങ്ങനെയുള്ള പ്രലോഭനങ്ങൾ വേറെ. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പോസ്റ്റുകളിലും ഒക്കെയായി ആവശ്യപ്പെടാതെ തന്നെ തൊഴിൽ വാഗ്ദാനത്തോടൊപ്പം ആപ്ലിക്കേഷൻ ഫീസ്, അഭിമുഖത്തിനുള്ള ഫീസ്, യോഗ്യതാ രേഖകൾ പരിശോധിക്കാനുള്ള ഫീസ്, പരിശീലന ഫീസ് തുടങ്ങിയവ മുൻകൂർ ആവശ്യപ്പെട്ടും തട്ടിപ്പ് ഒട്ടേറെ. തൊഴിൽ തേടുന്നതിന് അധിക സുരക്ഷാ സംവിധാനങ്ങളുള്ള ആധികാരിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുകയാണ് പരിഹാരം. 

മീഡിയ സ്ക്രാപ്പിങ്

ഓൺലൈൻ തട്ടിപ്പുകാർ, തട്ടിപ്പിനുതകുന്ന വിവരങ്ങളെന്തെങ്കിലും ലഭിക്കുമോ എന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിരന്തരം പരതിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പരതി ആരൊക്കെ ഭാര്യമാരുമായി വിദേശ യാത്ര നടത്തുന്നു, ഉയർന്ന ഫീസ് നൽകി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നു എന്നൊക്കെയുള്ള വിവരങ്ങൾ മോഷ്ടിച്ചെടുക്കുന്നതിനെയാണ് ‘മീഡിയ സ്ക്രാപ്പിങ്’ എന്ന് വിളിപ്പേരിട്ടിരിക്കുന്നത്.  

കാർഡ് പോപ്പിങ് 

മോഷ്ടിച്ചെടുത്ത ചെക്ക്, ക്രെഡിറ്റ് കാർഡ് എന്നിവ പ്രദർശിപ്പിച്ച് പണം തട്ടുമ്പോൾ ആദ്യം ഇരയാകുന്നവർക്ക് ലഭിക്കുന്ന പ്രോത്സാഹന സമ്മാനം നേടാൻ കടുത്ത മത്സരമാണ്. `കാർഡ് പോപ്പിങ്’ എന്നാണിത് അറിയപ്പെടുന്നത്. ക്രെഡിറ്റ് സ്കോർ മോശമായിട്ടുള്ളവർക്ക് അത് ഉയർത്തിക്കൊടുക്കാൻ നടത്തുന്ന തട്ടിപ്പുകളും ഇതിനിടയിലുണ്ട്.  

മണി ഫ്ലിപ്പിങ്

ഉടൻ പണക്കാരനാകാൻ വെമ്പൽ കൊള്ളുന്നവരെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന സമൂഹ മാധ്യമ തട്ടിപ്പാണ് മണി ഫ്ലിപ്പിങ്.  ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങി സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പണക്കെട്ടുകളും നിധികുംഭങ്ങളും മറ്റും പ്രദർശിപ്പിച്ചുകൊണ്ടാണ് തുടക്കം.  തട്ടിപ്പുകാരന്റെ കൈവശമിരിക്കുന്ന സമ്പത്ത് ഇരകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി നൽകാൻ ഡെബിറ്റ് കാർഡിന്റെ വിവരങ്ങളാണ് ആവശ്യപ്പെടുക. 

ജാഗ്രത മറുമരുന്ന്

കംപ്യൂട്ടറിലെന്ന പോലെ ഫോണുകളിലും ആന്റി വൈറസ് സോഫ്റ്റ് വെയറുകൾ നിർബന്ധമാക്കുക. സമൂഹ മാധ്യമ  അക്കൗണ്ടുകളിൽ സ്വകാര്യത ഉറപ്പാക്കുന്ന പ്രൈവസി സെറ്റിങ്ങും  പ്രവർത്തനക്ഷമമാക്കണം.  ലൊക്കേഷൻ ഷെയറിങ്, കുക്കി സെറ്റിങ് എന്നിവ അനിയന്ത്രിതമായി അനുവദിച്ചു കൊടുക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com