ADVERTISEMENT

കരിപ്പൂർ ∙ ഗൾഫ് നാടുകളിൽ വിഷുക്കണിയൊരുക്കാൻ മലപ്പുറത്തെ കൊന്നപ്പൂവും കണിവെള്ളരിയും കടൽ കടന്നു. പഴം, പച്ചക്കറി കയറ്റുമതിയിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാറാണു പതിവെങ്കിലും ഇത്തവണത്തെ ഗൾഫിലെ വിഷു വിപണിയുടെ ഏറിയ പങ്കും മലപ്പുറത്തെ കർഷകർ ആഘോഷമാക്കി.

കഴിഞ്ഞ 2 ദിവസങ്ങളിലായി കരിപ്പൂർ വഴി കയറ്റിപ്പോയ രണ്ടര ടൺ കണിവെള്ളരി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്തതാണ്. 2 ടൺ  കൊന്നപ്പൂവ് കൂടുതലും വിമാനത്താവള പരിസര പ്രദേശങ്ങളായ കരിപ്പൂർ, കൊണ്ടോട്ടി, മുണ്ടക്കുളം, നീറാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണു ശേഖരിച്ചത്. കണിവെള്ളരി കൂടുതലും വാഴക്കാട്, വേങ്ങര തുടങ്ങിയ പ്രദേശങ്ങളിൽനിന്നായിരുന്നു. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽനിന്നും കണിവെള്ളരിയെത്തി.

ഇതിനു പുറമേ, മാങ്ങ, ഇടിച്ചക്ക, ഞാലിപ്പൂവൻ തുടങ്ങിയവയും കയറ്റുമതി ചെയ്തു. വിഷു വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്ത പ്രാദേശിക കർഷകരാണ് വിദേശ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തിയത്.

ബഹ്റൈൻ, മസ്കത്ത്, ദുബായ്, അബുദാബി, ദോഹ, ഷാർജ, ജിദ്ദ, കുവൈത്ത് തുടങ്ങി വിവിധ ഗൾഫ് നാടുകളിലേക്കാണു കയറ്റുമതി. അടുത്ത ദിവസങ്ങളിൽ വിഷു കയറ്റുമതി കൂടുമെന്നാണു പ്രതീക്ഷയെന്നു കരിപ്പൂരിലെ കെഎൻപി എക്സ്പോർട്ടേഴ്സ് ഉടമ കാരി സുഫിയാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com