ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുളള സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്. 100 കോടി രൂപ ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി താജ് ഗ്രൂപ്പ് മുതൽമുടക്കും. ഇതു സംബന്ധിച്ച് സിയാലും, ടാറ്റയുടെ ഉപ കമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡും (ഐഎച്ച്സിഎൽ) ധാരണയിലെത്തി. പ്രമുഖ ഗ്രൂപ്പുകൾ പങ്കെടുത്ത ടെൻഡർ നടപടികളിലൂടെയാണ് താജ് ഗ്രൂപ്പിനെ ഹോട്ടൽ നടത്തിപ്പിനായി തിരഞ്ഞെടുത്തത്.വിമാനത്താവള ടെർമിനലുകൾക്ക് മുൻപിൽ വിമാനത്താവള റോഡിനും കരിയാട്–മറ്റൂർ റോഡിനും

ഇടയിലുള്ള 4 ഏക്കർ സ്ഥലത്താണ് ഹോട്ടൽ. 2.04 ലക്ഷം ചതുരശ്ര അടി വിസ്തീർണം. 112 മുറികളുണ്ട്. ഒരു വശത്തെ മുറികളിൽ വിമാനത്താവള ദൃശ്യങ്ങളും മറുവശത്തെ മുറികളിൽ മലനിരകളും ദൃശ്യമാകുന്ന വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന് അഭിമുഖമായി 440 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർട്ടി ഹാൾ, 2 ബോർഡ് റൂമുകൾ, റസ്റ്ററന്റ്, സർവീസ് ബാർ തുടങ്ങിയവ ഉണ്ട്. റൺവേ ദൃശ്യങ്ങളും ലഭ്യമാകുന്നതാണ് ടെറസ് ഡൈനിങ് ഏരിയ.

സിയാൽ-താജ് സഹകരണം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കും. വ്യോമയാന ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള സിയാലിന്റെ പദ്ധതികളിൽ നിർണായക സ്ഥാനമാണ് ഹോട്ടൽ പദ്ധതിക്ക് ഉള്ളത്. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ശൃംഖലയിൽ കൊച്ചി വിമാനത്താവളവും കണ്ണിയാകുന്നതോടെ വ്യോമയാന, ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാകും

സിവിൽ‌ ജോലികൾ പൂർത്തിയായി. താജ് ഗ്രൂപ്പിന്റെ നിലവാരം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട ഇന്റീരിയർ ജോലികളാണ് ഇനി ബാക്കിയുള്ളത്. 15 മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കി താജ്–സിയാൽ ഹോട്ടൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ നിശ്ചിത ഭാഗം താജ് ഗ്രൂപ്പ് സിയാലിന് റോയൽറ്റി ആയി നൽകും.

പ്രവർത്തനത്തിലും നിർമാണത്തിലുമായി ഇരുപതോളം പദ്ധതികളാണ് താജ് ഗ്രൂപ്പിന് നിലവിൽ കേരളത്തിൽ ഉള്ളത്. സിയാൽ ഹോട്ടൽ കൊച്ചിയിലെ താജിന്റെ അഞ്ചാമത്തെ പദ്ധതിയാണ്. വലുപ്പത്തിൽ മൂന്നാമത്തേതും. സിയാലുമായുള്ള കരാർ അനുസരിച്ച് താജ് ബ്രാൻഡിന്റെ സംസ്കാരം നിലനിർത്തി, നിലവിലുള്ള ഹോട്ടൽ ഘടനയിൽ അത്യാധുനിക സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് താജ്–സിയാൽ ഹോട്ടലിനെ കേരളത്തിലെ മികച്ച ഹോട്ടലുകളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് താജ് ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

s-suhas
എസ്.സുഹാസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com