ADVERTISEMENT

കണ്ണൂർ∙ 2015 ൽ 18720 രൂപ വിലയുണ്ടായിരുന്നപ്പോൾ വാങ്ങിയ ഒരു പവൻ സ്വർണം 8 വർഷത്തിനു ശേഷം വിൽക്കുമ്പോൾ വില 45320 രൂപ. 26600 രൂപയുടെ വർധനയാണ് ഇക്കാലയളവിൽ ഉണ്ടായത്. ആഭരണം നൽകിയ സംതൃപ്തിക്കൊപ്പം നിക്ഷേപമെന്ന നിലയിൽ രണ്ടര ഇരട്ടിയോളം ലാഭം. ആസ്തിയിൽ 240 ശതമാനത്തിലേറെ വളർച്ച. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൈവശമുള്ള സ്വർണം വിറ്റു മികച്ച ലാഭമെടുപ്പു നടത്തുന്നവർ ഒട്ടേറെ. സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമാണ്. എന്നാൽ ഈ തുക നികുതി രഹിത ബോണ്ടുകളിലേക്കു മാറ്റിയാലും വീടു നിർമാണത്തിനോ വീടു വാങ്ങാനോ ഉപയോഗിച്ചാലും നികുതി ഒഴിവാകും.

സ്വർണം വിൽക്കുമ്പോൾ മൂലധനനേട്ട നികുതി

സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിനു മൂലധനനേട്ട നികുതി ബാധകമാണ്. ഏതുതരത്തിലുള്ള മൂലധന ആസ്തിയും വിൽക്കുമ്പോഴുണ്ടാകുന്ന ലാഭത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനാണ് മൂലധനനേട്ടനികുതി ഈടാക്കുന്നത്. വാങ്ങി, മൂന്നു വർഷത്തിനുള്ളിൽ സ്വർണം വിറ്റാൽ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കും. വാങ്ങിയവിലയിൽ നിന്ന് വിറ്റവിലയുമായി താരതമ്യം ചെയ്തുള്ള നേട്ടം ആകെ നികുതിബാധകമായ വരുമാനത്തിനൊപ്പം ചേർക്കും. ഈ തുക കൂടി ഉൾപ്പെടുമ്പോഴുള്ള സ്ലാബ് അനുസരിച്ചായിരിക്കും ആദായ നികുതി നൽകേണ്ടത്. സ്വർണം വാങ്ങി, 3 വർഷത്തിനു ശേഷമാണു വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ട നികുതിയാണു ബാധകം. 20 ശതമാനമാണ് നികുതി. എന്നാൽ, ഇതിന് ഇൻഡക്സേഷൻ ആനുകൂല്യമുണ്ട്. സ്വർണത്തിന്റെ വാങ്ങൽ വിലയിൽ പണപ്പെരുപ്പം കൂടി കണക്കാക്കും.

മൂലധനനേട്ട നികുതി ഒഴിവാകുന്നത് എപ്പോഴെല്ലാം

സ്വർണം വിറ്റുകിട്ടുന്ന തുക വീടു വാങ്ങാനോ, നിർമിക്കാനോ ഉപയോഗിച്ചാൽ നികുതി ബാധകമാവില്ല. സ്വർണം വിൽപന നടത്തി ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വീടു വാങ്ങിയിരിക്കണം. സ്വർണം വിറ്റ് മൂന്നു വർഷത്തിനുള്ളിൽ വീടു നിർമിച്ചാലും നികുതി ബാധകമാവില്ല. സർക്കാരിന്റെ നികുതിയൊഴിവുള്ള ബോണ്ടുകളിൽ ഈ പണം നിക്ഷേപിച്ചാലും നികുതി ഈടാക്കില്ല. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ബോണ്ട്, ആർഇസി ബോണ്ട് എന്നിവ നികുതിയിളവുള്ള ബോണ്ടുകളാണ്.

(ഡിജിറ്റൽ ഗോൾഡിന്റെ നികുതി ബാധ്യതകളെപ്പറ്റി നാളെ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com