ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്ത് സ്വർണം വിൽക്കുമ്പോൾ സാധാരണ വിലയുടെ രണ്ടു ശതമാനത്തോളം കുറവു ചെയ്യാറുണ്ട്. ഇത് ജ്വല്ലറികളെ അനുസരിച്ചാണ്. കാരറ്റ് നോക്കിയാണ് മൂല്യം തീരുമാനിക്കുക. 20 കാരറ്റിന്റെയും മറ്റും പഴയ സ്വർണത്തിന് കാരറ്റിന് അനുസരിച്ചുള്ള വിപണി വില ലഭിക്കും. അതേ സമയം സ്വർണം മാറ്റി വാങ്ങുമ്പോൾ അതേ വിലതന്നെ ലഭിക്കും.

എക്സ്ചേഞ്ചിന് ജിഎസ്ടി ഇല്ല

സ്വർണാഭരണം വാങ്ങുമ്പോൾ 3 ശതമാനമാണ് ജിഎസ്ടി. എന്നാൽ സ്വർണം മാറ്റി വാങ്ങുകയാണെങ്കിൽ ജിഎസ്ടി ഈടാക്കാനാവില്ല. അതായത് ഒരു പവന്റെ പഴയ സ്വർണം മാറ്റി ഒരു പവന്റെ തന്നെ പുതിയ ആഭരണം വാങ്ങുകയാണെങ്കിൽ ജിഎസ്ടി നൽകേണ്ടതില്ല. അതേസമയം പണിക്കൂലിയും അതിന്റെ നികുതിയും നൽകണം. എക്സ്ചേഞ്ച് ചെയ്യുന്ന സ്വർണത്തിനാണ് ചരക്കുസേവന നികുതി ബാധകമല്ലാത്തത്.

ഡിജിറ്റൽ സ്വർണത്തിലേക്ക് മാറാം, നികുതിയില്ലാതെ

സ്വർണം ഡിജിറ്റൽ ഗോൾഡാക്കി മാറ്റുന്നതിന് നികുതിയില്ലെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓഹരി പോലെ വിപണികളിൽ വ്യാപാരം നടത്താവുന്ന ഇലക്ട്രോണിക് ഗോൾഡ് റസീറ്റുകളാക്കി (ഇജിആർ) സ്വർണത്തെ മാറ്റുന്നതിനും തിരിച്ചും മൂലധനനേട്ട നികുതിയില്ല. ഡിജിറ്റൽ ഗോൾഡ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. എളുപ്പത്തിൽ പണമാക്കാനും ഫിസിക്കൽ സ്വർണമാക്കി മാറ്റാനും കഴിയുമെന്നതാണ് നേട്ടം. 

കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടും മികച്ച സ്വർണ നിക്ഷേപമാണ്. ഓരോ സീരീസിലും വിപണി വിലയനുസരിച്ച് ഗ്രാമിന് ആർബിഐ ഇഷ്യൂ വില പ്രഖ്യാപിക്കും. 8 വർഷമാണ് കാലാവധി. 5 വർഷത്തിലും പിൻവലിക്കാം. 

പ്രതിവർഷം 2.5% പലിശയുണ്ട്. വിപണി വിലയുമായി ബന്ധപ്പെട്ടായിരിക്കും ആസ്തിയുടെ വളർച്ച. നിക്ഷേപം കാലാവധിയോളം തുടരുന്നവർക്ക് നികുതി നൽകേണ്ടതില്ല. മൂലധനനേട്ടം നികുതി രഹിതമാണ്. 5 വർഷം പൂർത്തിയാക്കി നിക്ഷേപം പിൻവലിച്ചാൽ നികുതി നൽകണം. മൂലധനനേട്ടത്തിൽ 20% ഇൻഡക്സേഷൻ ആനുകൂല്യത്തോടെ നികുതി ചുമത്തും.

ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയും സ്വർണത്തിലുള്ള മികച്ച നിക്ഷേപ മാർഗങ്ങളാണ്. എന്നാൽ ഈ സാമ്പത്തിക വർഷം മുതൽ ഇവയുടെ നികുതിയിൽ നിന്ന് ഇൻഡക്സേഷൻ ആനുകൂല്യം എടുത്തുകളഞ്ഞത് ഇവയുടെ തിളക്കത്തിനു ചെറിയ തോതിൽ മങ്ങലേൽപിച്ചിട്ടുണ്ട്. മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ഡെറ്റ് നിക്ഷേപങ്ങൾക്ക് നികുതിയോടൊപ്പമുള്ള ഇൻഡക്സേഷൻ ആണ് ഒഴിവാക്കിയത്. ഗോൾഡ് ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ) ഇപ്പോൾ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി ചുമത്തും. സോവറിൻ ഗോൾഡ് ബോണ്ടിനും ഭൗതിക സ്വർണത്തിനും ഡിജിറ്റൽ സ്വർണത്തിനും ഇൻഡക്സേഷൻ ആനുകൂല്യം തുടരുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com