ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ഇന്ധന പമ്പുകളിൽ ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമടയ്ക്കൽ തടസ്സപ്പെട്ടു. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്ന പേരിൽ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണു കാരണം. സ്വൈപ്പിങ് മെഷീൻ നൽകുന്ന ബാങ്കുകൾ ഓരോ ഇടപാടിനും എണ്ണക്കമ്പനിയിൽനിന്ന് എംഡിആർ ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡിന് 0.9 ശതമാനവും ഡെബിറ്റ് കാർഡിന് 0.4 ശതമാനവുമാണ് എംഡിആർ. ഇതേത്തുടർന്ന് ഓരോ എണ്ണക്കമ്പനിയും ഒരു പ്രത്യേക ബാങ്കുമായി ധാരണയിലെത്തി അവരുടെ സ്വൈപ്പിങ് മെഷീൻ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.

ഒറ്റ ബാങ്കിലേക്കു തന്നെ വലിയ തുക വരുമെന്നതിനാൽ എംഡിആർ ഈടാക്കാതെ ഇടപാട് നടത്താൻ കഴിയുമെന്നതാണു സവിശേഷത. ഏപ്രിൽ 1 മുതൽ ഈ കമ്പനിയുടെ മെഷീൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ഡീലർമാർക്കു കമ്പനികൾ നിർദേശം നൽകി. എന്നാൽ, മെഷീനിന്റെ വേഗക്കുറവും നെറ്റ്‌വർക് പരിമിതിയും മറ്റും കണക്കിലെടുത്തു ചില ഡീലർമാർ ആവശ്യാനുസരണം മറ്റു ബാങ്കുകളുടേതും ഉപയോഗിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ഡീലറിൽനിന്ന് എംഡിആർ ഈടാക്കുമെന്നാണു കമ്പനികളുടെ നിലപാട്. ഈ സാഹചര്യത്തിലാണു കാർഡ് പേയ്മെന്റ് തടസ്സപ്പെട്ടത്.

എണ്ണക്കമ്പനി നിർദേശിച്ച മെഷീൻ ഉപയോഗിച്ചാൽ ഇടപാട് നടത്താൻ ചിലപ്പോൾ അധിക സമയമെടുക്കുമെന്നതിനാലാണു ചില പമ്പുകളിൽ കാർഡ് പേയ്മെന്റ് അവസാനിപ്പിച്ചത്. മറ്റു ചിലയിടങ്ങളിൽ എംഡിആർ ഡീലറിൽനിന്നു വാങ്ങുന്നതിനാലും കാർഡ് പേയ്മെന്റ് അവസാനിപ്പിച്ചു. കമ്പനി നിർദേശിച്ച ബാങ്കിന്റെ മെഷീൻ എല്ലാ പമ്പുകളിലും എത്താത്ത പ്രശ്നവുമുണ്ട്. ചിലയിടത്താകട്ടെ മറ്റു ബാങ്കുകൾ അവരുടെ മെഷീനിന്റെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു.  കാർഡ് സ്വൈപ്പിങ്ങിനു തടസ്സമില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. മെഷീൻ പ്രവർത്തനത്തെക്കുറിച്ചു ഡീലർമാർ പരാതിപ്പെട്ടാൽ പരിശോധിച്ചു നടപടിയെടുക്കാമെന്നും ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com