ന്യൂഡൽഹി∙ ജിഎസ്ടി ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ റെക്കോർഡ് വരുമാനം ഏപ്രിലിൽ. 1.87 ലക്ഷം കോടി രൂപയാണ് രാജ്യത്ത് വരുമാനമായി ലഭിച്ചത്. 2022 ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയെന്ന റെക്കോർഡാണ് മറികടന്നത്. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 38,440 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി(എസ്ജിഎസ്ടി)–47,412 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–89,158 കോടി, സെസ്–12,025 കോടി എന്നിങ്ങനെയാണ് വരുമാനം.
2022 ഏപ്രിലിനെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർധനയാണുള്ളത്. ജിഎസ്ടി വരുമാനം 1.75 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുന്നതും ആദ്യമാണ്. പ്രതിദിന വരുമാനത്തിലും ഏപ്രിലിൽ മറ്റൊരു റെക്കോർഡ് പിറന്നു. ജിഎസ്ടി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം ലഭിച്ചത് ഏപ്രിൽ 20നാണ്; 68,228 കോടി രൂപ.
കേരളത്തിന്റെ വരുമാനം 3,010 കോടി രൂപ
കേരളത്തിന്റെ ജിഎസ്ടി വരുമാനം ഏപ്രിലിൽ 3,010 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,689 കോടിയും. വളർച്ച 12%.