ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലും ലാഭത്തിലും സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് തിളങ്ങിനിൽക്കുകയാണ് താജ് ഹോട്ടലുകളുടെ അടക്കം ഉടമകളായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്(ഐഎച്ച്സിഎൽ). മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനീത് ചട്‌വാളിന്റെ നേതൃത്വമാണ് ഈ നേട്ടത്തിനു പിന്നിൽ. 

2017ൽ അദ്ദേഹം നേതൃസ്ഥാനത്തേക്ക് എത്തുമ്പോൾ 1,740 കോടിയായിരുന്നു സഞ്ചിത നഷ്ടം. എന്നാൽ ഒറ്റ വർഷം കൊണ്ട് പുനീത് ചട്‌വാൾ ആ കഥ മാറ്റിയെഴുതി. 2017–18 സാമ്പത്തിക വർഷം ഐഎച്ച്സിഎൽ 101 കോടി രൂപ ലാഭമുണ്ടാക്കി. 

തൊട്ടടുത്ത വർഷം അത് 287 കോടി രൂപയായി. അതിനടുത്ത വർഷം 354 കോടി ലാഭമെന്ന നേട്ടത്തിലെത്തുകയും ചെയ്തു. കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചെങ്കിലും, ടൂറിസം രംഗം ഉണർന്നതോടെ 2022–23 സാമ്പത്തിക വർഷം റെക്കോർഡ് ലാഭമായ 1,003 കോടിയെന്ന  മിന്നുന്ന പ്രകടനം ഐഎച്ച്സിഎൽ കാഴ്ചവച്ചു. 

പുനീത് ചട്‌വാളിന്റെ നേതൃത്വത്തിൽ ‘താജ്’ ബ്രാൻഡിന് പുറമേ,  ‘സിലക്ഷൻസ്’ പോലെ പുതിയ ബ്രാൻഡുകൾ അവതരിപ്പിക്കുകയും, വിവാന്ത, ജിഞ്ചർ തുടങ്ങിയവ പുനരവതരിപ്പിക്കുകയും ചെയ്തു.  ‘ആഹ്വാൻ 2025’ എന്ന ആപ്തവാക്യത്തോടെയാണ് പുനീത് ചട്‌വാളിന്റെ നേതൃത്വം മുന്നോട്ടുപോകുന്നത്. 

ഇതിന് പ്രധാനമായും നാല് ലക്ഷ്യങ്ങളാണുള്ളത്: 1. 2025–26 ൽ 300 ഹോട്ടലുകൾ, പ്രോപ്പർട്ടികൾ 50 ശതമാനം ഉടമസ്ഥതയിലോ പാട്ടത്തിനെടുത്തതോ ആയതും ബാക്കി കുറഞ്ഞ മൂലധനനിക്ഷേപം ആവശ്യമുള്ളതുമായി മാറ്റുക, നികുതി, പലിശ, തേയ്മാനച്ചെലവ് എന്നിവയ്ക്കു മുൻപുള്ള പ്രവർത്തനലാഭം 33 ശതമാനമാക്കുക, കടബാധ്യത പൂജ്യത്തിലെത്തിക്കുക. ഇതിൽ അവസാനത്തെ മൂന്നു നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. ഭാവിപദ്ധതികളെപ്പറ്റി പുനീത് ചട്‌വാൾ സംസാരിക്കുന്നു. 

ഈ അത്ഭുതകരമായ നേട്ടം എങ്ങനെ സ്വന്തമാക്കി?

2017 ഡിസംബറിലാണ് ഞങ്ങൾ ഈ  യാത്ര ആരംഭിച്ചത്. ‘ആസ്പിരേഷൻ 2022’ എന്നതായിരുന്നു ലക്ഷ്യം. തുടർച്ചയായ ആറ് പാദങ്ങളിൽ ലാഭകരമായ വളർച്ച നേടി. കോവിഡിന് ശേഷം ‘ആഹ്വാൻ 2025’ എന്നായി ആപ്തവാക്യം. എന്നാൽ കോവിഡ് സമയത്ത് ഞങ്ങൾ ‘റീസെറ്റ്’ എന്ന ആപ്തവാക്യത്തിലാണ് പ്രവർത്തിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ പ്രവർത്തിക്കണം എന്നതായിരുന്നു അതുകൊണ്ട് ലക്ഷ്യമാക്കിയത്. 33 ശതമാനം പ്രവർത്തന ലാഭമെന്ന ഏറെ ബുദ്ധിമുട്ടേറിയ നേട്ടം സ്വന്തമാക്കാൻ സാധിച്ചു.  കമ്പനിയുടെ ബോർഡിൽ നിന്നുള്ള പിന്തുണയും മുന്നേറ്റത്തെ സഹായിച്ചു.

പാട്ടത്തിനോ, ഉടമസ്ഥതയിലോ ആയി ഐഎച്ച്സിഎലിന് 64 ശതമാനം പ്രോപ്പർട്ടി കൈവശമുണ്ട്. അത് തുടരുമോ?

പാട്ടത്തിനെടുത്തിരിക്കുന്ന താജ് മഹൽ പാലസ്, താജ് ലാൻഡ്സ് എൻഡ്, ഉദയ്പൂരിലെ ലേക്ക് പാലസ്, ന്യൂയോർക്കിലെ ദ് പിയറി തുടങ്ങിയവയെല്ലാം കൈവശമുള്ളത് നേട്ടമായി കരുതുന്നു.  പ്രശസ്തമായ പ്രോപ്പർട്ടികൾ കൈവശം വയ്ക്കുന്നതു മാത്രമല്ല ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതും തുല്യപ്രാധാന്യത്തോടെയാണ് ഞങ്ങൾ കാണുന്നത്.  ലക്ഷദ്വീപിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒട്ടേറെ പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. 

താജിനെ മുഖ്യ ബ്രാൻഡായി നിലനിർത്തുമ്പോഴും, സിലക്ഷൻസ്, വിവാന്ത, ജിഞ്ചർ തുടങ്ങി പല ശ്രേണികളിലായി ബ്രാൻഡുകൾ അവതരിപ്പിക്കുന്നുണ്ടല്ലോ?

പുതിയ ബ്രാൻഡ് ആർക്കിടെക്ചർ ആണ് ഞങ്ങൾ അവതരിപ്പിച്ചത്. ജിഞ്ചറും വിവാന്തയും പുനരാവിഷ്കരിച്ചത് അങ്ങനെയാണ്. പുതിയതായി സിലക്ഷൻസ്, അമ സ്റ്റേയ്സ് ആൻഡ് ട്രെയിൽസ്, ക്വിമിൻ എന്നിവ അവതരിപ്പിച്ചു. താജ് സാറ്റ്സും പുനരവതരിപ്പിച്ചു. നിലവിലുള്ള ഒരു ബ്രാൻഡിൽ എന്താണ് പ്രവർത്തിക്കാത്തതെന്ന് പഠിച്ച് അതു മാറ്റിയ തന്ത്രം വിജയിച്ചു. 

അടുത്ത സാമ്പത്തിക വർഷം വരാനിരിക്കുന്ന പ്രധാന ഹോട്ടലുകൾ ഏതാണ്?

മുംബൈ വിക്രോലിയിലെ ഗോദ്‌റെജ് പ്രോപ്പർട്ടീസിലെ ദ് ട്രീസിൽ താജ്  ഉൾപ്പെടെ, കുറഞ്ഞത് 20 ഹോട്ടലുകളെങ്കിലും തുറക്കും. ജിഞ്ചർ സാന്താക്രൂസിൽ തുറക്കും. ചൈനയുടെ അതിർത്തിയിലുള്ള തവാങ്ങിൽ വിവാന്ത തുറക്കുകയാണ്. കൊച്ചിയിൽ മറ്റൊരു ജിഞ്ചർ തുറക്കുന്നുണ്ട്. കൊൽക്കത്തയിൽ താൽ കുടിർ പദ്ധതിയിലുണ്ട്. തിരുപ്പതിയിൽ രണ്ടാമത്തെ പദ്ധതിയും ഉണ്ടാകും. സാന്നിധ്യമില്ലാത്ത ചില സംസ്ഥാന തലസ്ഥാനങ്ങളിലും പദ്ധതി ആലോചിക്കുന്നു.

യോഗങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയടങ്ങിയ ബിസിനസ് ടൂറിസം മാതൃക നിങ്ങൾ രാജസ്ഥാനിലും ഗോവയിലും വിജയകരമായി നടപ്പിലാക്കി. മറ്റെവിടെയെങ്കിലും അത് ആലോചനയിലുണ്ടോ?

കേരളം പ്രധാനപ്പെട്ട സ്ഥലമാണ്. ഒരു വർഷത്തിനുള്ളിൽ താജ് മലബാർ പൂർണമായും നവീകരിക്കും. നൂറാമത്തെ താജ് ഹോട്ടൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം തുറക്കുകയാണ്.

ബിസിനസ് യാത്രകളുടെ നിലവിലെ സ്ഥിതി എന്താണ്?

ഇന്ത്യയിൽ, അത് തിരിച്ചെത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ മെച്ചപ്പെടാനുണ്ട്. 

മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ താജിന് പുറമേ ജിഞ്ചർ കൂടി തുടങ്ങുന്നു. ബെംഗളൂരുവിലെ കെംപെഗൗഡയിലും കൊച്ചിയിലും വിമാനത്താവളത്തിൽ ഹോട്ടലുകളുണ്ട്. വിമാനത്താവളങ്ങളിലെ ഹോട്ടലുകളുടെ പ്രധാന്യമെന്താണ്?

എയർപോർട്ട് ഹോട്ടലുകളിൽനിന്ന് ബ്രാൻഡിന് ലഭിക്കുന്ന ദൃശ്യപരത ഒട്ടേറെയാണ്. 360 ഡിഗ്രി വളർച്ചയാണ് ലക്ഷ്യം.  

മാലദ്വീപ്, ദുബായ് എന്നിവിടങ്ങളിലെ പ്രോപ്പർട്ടികൾ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടുണ്ടോ?

കോവിഡ് സമയത്തും മാലദ്വീപ്, ദുബായ് ഹോട്ടലുകൾ മികച്ച പ്രകടനം നടത്തി. ഗോവയും രാജസ്ഥാനുമാണ് തൊട്ടുപിന്നിൽ. ഉത്തരാഖണ്ഡും ഞങ്ങളുടെ മികച്ച വിപണികളിലൊന്നാണ്. ശ്രീലങ്ക പതുക്കെ തിരിച്ചുവരുന്നുണ്ട്. അടുത്തിടെ ധാക്കയിൽ ഒരു താജും വിവാന്തയും പ്രഖ്യാപിച്ചിട്ടുണ്ട്. 

താജ് മലബാറിന്റെ നവീകരണത്തിന് പുറമേ, കൊച്ചിയിലെ ഗുണ്ടു ദ്വീപിൽ ആസൂത്രണം ചെയ്യുന്ന പദ്ധതി ഉടൻ വരുമോ?

അതേപ്പറ്റി പഠിച്ചുവരികയാണ്. മലബാർ നവീകരണം പൂർത്തിയായാൽ ഗുണ്ടു ദ്വീപിലെ പദ്ധതി ആലോചിക്കും. 

കേരളത്തിലെ മറ്റ് പദ്ധതികൾ എന്തൊക്കെയാണ്? 

ഈ നവംബറോടെ മൂന്നാറിലെ ‘സിലക്ഷൻസ്’ തുറക്കും. കളമശേരിയിൽ നിലവിലുള്ളതിനു പുറമേ, രണ്ട് ‘ജിഞ്ചർ’ കൂടി തുറക്കും. ഒന്ന് താജ് കൊച്ചി സിയാലിന് പിന്നിലായിട്ടാണ്. ഇതിന്റെ ജോലികൾ ആരംഭിക്കാനിരിക്കുന്നു. എംജി റോഡിൽ ആണ് മറ്റൊരു ജിഞ്ചർ. ജൂലൈയിൽ തുറക്കും. കാസർകോട് ബേക്കലിലും ‘സിലക്‌ഷൻസ്’ തുറക്കുന്നുണ്ട്. 

English Summary: IHCL CEO Puneet Chhatwal interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com