ADVERTISEMENT

കൊച്ചി∙ വിദേശനിക്ഷേപകർ തിരിച്ചെത്തിയതോടെ ഓഹരി വിപണി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 709.96 പോയിന്റും നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 195.40 പോയിന്റും ഉയർന്നു. 18250 എന്ന നിർണായക നിലവാരം കടന്നാണ് നിഫ്റ്റിയുടെ മുന്നേറ്റം. 

എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡാർഡ് സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്കിനെ പ്രാധാന്യത്തോതിൽ മാറ്റം വരുത്തി വൻകിട കമ്പനികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം വിപണികളിൽ കനത്ത വിൽപന സമ്മർദമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ മുന്നേറ്റം നടത്തിയ വിപണി ആഴ്ചയുടെ അവസാനത്തിൽ നഷടത്തിലുമായി. 

എന്നാൽ, ഈ ആഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിദേശ നിക്ഷേപകർ തിരിച്ചെത്തുന്ന ചിത്രമാണു വിപണികളിൽ നിന്നു ലഭിക്കുന്നത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും ഇന്നലെ നേട്ടമുണ്ടാക്കി. 777.68 കോടി രൂപയുടെ ഓഹരികൾ വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങി. 2.27 ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത്. ബാങ്കിങ്, ഫിനാൻസ്, ഓട്ടോ ഓഹരികളാണ് ഇന്നലെ മികച്ച പ്രകടനം നടത്തിയത്. 

ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എൻടിപിസി, എച്ച്സിഎൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളുടെയും മൂല്യമുയർന്നു. സൺ ഫാർമ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ ഇന്നലെ നഷ്ടത്തിലായി. അതേസമയം, ബ്രെന്റ് ക്രൂഡിന്റെ വില 1.79 ശതമാനം ഉയർന്ന് ബാരലിന് 76.65 ഡോളറായി. വ്യാപാരത്തിന്റെ തുടക്കത്തിൽ 8 പൈസയുടെ നേട്ടമുണ്ടാക്കിയെങ്കിലും ക്ലോസിങ്ങിൽ രൂപയുടെ മൂല്യം നേരിയ തോതിൽ ഇടിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com