ADVERTISEMENT

ന്യൂഡൽഹി∙ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഓഗസ്റ്റ് 1 മുതൽ ഇ–ഇൻവോയ്സ് നിർബന്ധമാക്കി. വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനും റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിനുമാണിത്. 10 കോടി രൂപയായിരുന്ന പരിധി 5 കോടിയാക്കി കുറച്ചതോടെ കേരളത്തിലടക്കം വലിയൊരു വിഭാഗം ചെറുകിട സംരംഭങ്ങളും ഇൻവോയ്സ് പരിധിയിലേക്ക് വന്നു. ഇൻവോയ്സിങ് നിബന്ധനകൾ ചെറുകിട സംരംഭകർക്ക് പ്രയാസമുണ്ടാക്കുമെന്നും വിമർശനമുണ്ട്.

ഇ–ഇൻവോയ്സിങ് പരിധി ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് ജിഎസ്ടി കൗൺസിൽ മുൻപ് തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ ഒന്നിന് ഇ–ഇൻവോയ്സ് നിർബന്ധമാക്കുമ്പോൾ പരിധി 500 കോടി രൂപയായിരുന്നു. ഇത് പിന്നീട് പലഘട്ടമായി കുറച്ച്, കഴിഞ്ഞ ഒക്ടോബർ 1 മുതൽ 10 കോടിയാക്കി. ചരക്കു നീക്കം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇ–ഇൻവോയ്സിങ് നടത്തണം. ഇതിനായി ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ റജിസ്ട്രേഷൻ എടുക്കണം.  ഇ-വേ ബിൽ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ആ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗിൻ ചെയ്യാം.

 5 കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.

അതേസമയം, നികുതിയില്ലാത്ത ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, ബാങ്കിതര ധനകാര്യ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ എന്നീ മേഖലകളെയും ഇ–ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com