മുംബൈ∙ ഒരു മാസത്തിനിടെ വെളുത്തുള്ളി വില ഇരട്ടിയായി. മൊത്തവ്യാപാര വിപണിയിൽ കിലോയ്ക്ക് 60 രൂപയ്ക്ക് ലഭിച്ചിരുന്നതിന് ഇപ്പോൾ വില 120 ആണ്. കടകളിൽ ഒരു കിലോ വെളുത്തുള്ളി വാങ്ങാൻ 220 രൂപയിലേറെ നൽകേണ്ടിവരുന്നു. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.ഡിസംബർ മാസം പെയ്ത മഴ വെളുത്തുള്ളികൃഷിയെ സാരമായി ബാധിച്ചെന്നും വിപണയിലേക്ക് വരവ് കുറഞ്ഞെന്നുമാണ് വ്യാപാരികൾ പറയുന്നത്. ദിവസേന 40 ലോഡ് എത്തിയിരുന്ന വാശിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ ഇപ്പോൾ 18 മാത്രമേ എത്തുന്നുള്ളു.
കഴിഞ്ഞ കൊല്ലം ഒക്ടോബർ –നവംബർ മാസങ്ങളിൽ വെളുത്തുള്ളി വില 250 ആയി ഉയർന്നിരുന്നു. ഡിസംബറോടെ കുറഞ്ഞ വിലയാണ് ലഭ്യതക്കുറവിനെ തുടർന്ന് വീണ്ടും ഉയർന്നിട്ടുള്ളത്. നാസിക്, പുണെ, താനെ, മറാഠ്‌വാഡ, വിദർഭ മേഖലകളിലാണ് കൂടുതലായി വെളുത്തുള്ളി കൃഷി ചെയ്യുന്നത്.
കേരളത്തിൽ വിലക്കയറ്റമില്ല
അതേസമയം കേരളത്തിൽ വെളുത്തുള്ളിക്ക് കാര്യമായ വിലക്കയറ്റമില്ല. എറണാകുളം മാർക്കറ്റിൽ വെളുത്തുള്ളിക്കു ഏറ്റവും നല്ല വെളുത്തുള്ളിയുടെ മൊത്തവില കിലോഗ്രാമിനു102 രൂപയാണ്. ഇത് 110 രൂപ വരെ ഉണ്ടായിരുന്നു. കുറഞ്ഞ ഉള്ളി 96 രൂപയ്ക്കു കിട്ടും. അതേസമയം മഹാരാഷ്ട്രയിലെ കൃഷിനാശം വരുംദിവസങ്ങളിൽ കേരള വിപണിയെയും ചെറിയ തോതിൽ ബാധിച്ചേക്കും.